2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോര്‍പറേറ്റ് ഭരണകൂടവും മഹാമാരിയും, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് തകര്‍ന്നടിഞ്ഞത് അഞ്ച് ബാങ്കുകള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ച്ചയുടെ വക്കിലാണ് ഇന്ത്യന്‍ ബാങ്കിങ് മേഖല. മഹാമാരി മൂലമുണ്ടായ പ്രതിസന്ധികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തിരിക്കുന്നു. ബാങ്കുകളുടെ തകര്‍ച്ചക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ തകര്‍ച്ചയോടെ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം ഒട്ടും പ്രതീക്ഷക്ക് വകക്ക് നല്‍കുന്നതല്ല ഈ കണക്കുകള്‍.

ബാങ്കിന്റെ കിട്ടാകടം വര്‍ധിക്കുകയും മൂലധനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് തകര്‍ച്ചയുടെ വക്കിലേക്ക് കൂപ്പുകുത്തിയത്. ബാങ്ക് പ്രതിസന്ധിയിലായതോടെ 30 ദിവസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ ഉത്തരവായി. നിലവില്‍ ഡി.ബി.എസ് ബാങ്കുമായി ലയിപ്പിച്ച് ലക്ഷ്മി വിലാസിലെ പ്രതിസന്ധി മറികടക്കാനാണ് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്.

ധനകാര്യ സ്ഥാപനങ്ങള്‍ നിരന്തരമായി തകരുന്നത് രാജ്യത്തിന് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. മഹാമാരി തകര്‍ത്ത സാമ്പത്തി സ്ഥിതിക്കു ശേഷം വളര്‍ച്ച കൂടുതല്‍ മന്ദഗതിയിലേക്ക് പോവുന്ന അവസ്ഥയാണ് രാജ്യത്തുണ്ടാവുക.

ഐ.എല്‍&എഫ്.സി, ഡി.എച്ച്.എഫ്.എല്‍, പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ.ഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തകര്‍ന്നത്. തകര്‍ച്ചയുടെ വക്കിലായ ഐ.ഡി.ബി.ഐ ബാങ്കിനെ എല്‍.ഐ.സിയുടെ മൂലധനം ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷിച്ചെടുത്തത്.

തകര്‍ന്ന മറ്റൊരു ബാങ്കായ യെസ് ബാങ്കിന്റെ രക്ഷക്കായി എസ്.ബി.ഐ എത്തിയെങ്കിലും പി.എം.സി ബാങ്കിനെ കരകയറ്റാന്‍ പുതിയ പദ്ധതികളൊന്നും നടപ്പിലായിട്ടില്ല. രണ്ട് ബാങ്കുകളുടേയും തകര്‍ച്ചയിലേക്ക് നയിച്ചത് കിട്ടാകടവും വായ്പകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകളും ഏറ്റവും മോശം കോര്‍പ്പറേറ്റ് ഭരണവുമായിരുന്നു.

കിട്ടാകടമാണ് എല്‍.വി.ബിക്ക് വിനയായത്. 720 കോടി റാന്‍ബാക്‌സി പ്രൊമോട്ടര്‍മാര്‍, മാല്‍വിന്ദര്‍, ശിവന്ദര്‍ സിങ് എന്നിവര്‍ക്ക് നല്‍കാനുള്ള തീരുമാനം കടുത്ത തിരിച്ചടിയാണ് ബാങ്കിന് സൃഷ്ടിച്ചത്.

ബാങ്കുകള്‍ തകരുന്നത് ഉപയോക്താക്കളില്‍ വലിയ ആശങ്ക സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൊവിഡിനെ തുടര്‍ന്ന് ബാങ്കുകളിലെ കിട്ടാകടം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഈയൊരു സാഹചര്യത്തില്‍ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ആര്‍.ബി.ഐ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.