2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോ കോളേജുകളില്‍ സാമ്പത്തിക സംവരണ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു

കോഴിക്കോട്: എല്‍.എല്‍.ബി പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ ഒഴിഞ്ഞ് തന്നെ കിടക്കുന്നു. സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിച്ച ഈ സീറ്റുകളില്‍ മറ്റു വിഭാഗക്കാരെ ഉള്‍പ്പെടുത്താനുമാകില്ല.

അപേക്ഷിച്ചതിലുള്ള പിഴവ് കാരണം പലരും സീറ്റ് ലഭിക്കാതെ പുറത്തിരിക്കുകയാണ്. സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും നടപടികള്‍ പൂര്‍ത്തിയായതിനാല്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകാതെ പ്രവേശനം നടത്താന്‍ സാധിക്കില്ല.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലുമായി 25 ഓളം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇതില്‍ അഞ്ച് വര്‍ഷ കോഴ്‌സിന് രണ്ട് സീറ്റ്കള്‍ മാത്രമാണ് ഒഴിവുള്ളത്.

മൂന്ന് വര്‍ഷ കോഴ്‌സിന് സംവരണക്കാര്‍ക്കുള്ള സീറ്റുകള്‍ എല്ലാ കോളേജുകളിലും ഒഴിവുണ്ട്. കോഴിക്കോട്-10, ത്രിശ്ശൂര്‍-5, എറണാകുളം-5, തിരുവനന്തപുരം-3 ഇങ്ങനെ ആകെ 23 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.

സാമ്പത്തിക സംവരണം ആദ്യമായി നടപ്പാക്കിയതിലുള്ള ആശയകുഴപ്പവും നടപടികളിലെ അജ്ഞതയും കാരണം പലരും അപേക്ഷ നല്‍കാന്‍ വൈകി. സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിലെ താമസവും പിഴവും ചിലരെ പുറത്തിരുത്തി. ഇനി എന്ത് ചെയ്യുമെന്ന ആശയകുഴപ്പത്തിലാണ് ഇവര്‍.

എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് കോളേജുകള്‍ പ്രവേശനം നടത്തുന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഉത്തരവില്ലാതെ കോളേജുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്ന ആവശ്യമുന്നയിച്ച് ചില വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 നാണ് ലോ കോളേജുകളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായത്.
ഇതിന് മുമ്പ് സംവരണ വിഭാഗത്തിന്റെ പ്രവേശനത്തിന് എല്ലാ കോളേജുകളും സ്‌പോട്ട് അഡ്മിഷന്‍ നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.