
ദമസ്കസ്: കിഴക്കന്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യ, സിറിയന്‍ സര്‍ക്കാരുകളുടെ ആക്രമണവും ബോംബിങും തുടരുന്നു.
വിമത മേഖലയായ കിഴക്കന്‍ ഗൗഥയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ അഞ്ചു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റും സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ വ്യാഴാഴ്ച ഒരു കുട്ടി കൊല്ലപ്പെട്ടുവെന്ന് രക്ഷാപ്രവര്‍ത്തക സംഘമായ ‘വൈറ്റ് ഹെല്‍മെറ്റ്സ്’ പറഞ്ഞു.
ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഫെബ്രുവരി 27ന് ഗൗഥയില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്.
ദിവസവും അഞ്ചു മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സാധാരണക്കാര്‍ പ്രശ്നബാധിത മേഖലകളില്‍ നിന്ന് മാറാനും വൈദ്യസഹായം ലഭ്യമാക്കാനുമാണ് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത്.
എന്നാല്‍ ഈ സമയത്തു പോലും ഷെല്ലിങ് നിര്‍ത്തുകയോ, സാധാരണക്കാര്‍ പുറത്തുപോവാനുള്ള അവസരം നല്‍കുകയോ ചെയ്തിട്ടില്ല. പുറത്തേക്കുള്ള വഴികള്‍ തുറന്നിട്ടില്ലെന്ന് ഇവിടുത്തെ ആക്ടിവിസ്റ്റ് അബ്ദുല്‍മാലിക്ക് അബൗദ് പറഞ്ഞു. സിറിയന്‍ ഭരണകൂടമോ, റഷ്യന്‍ സര്‍ക്കാരോ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.