ദുബൈ: പൊള്ളുന്ന വേനൽ ചൂടിനിടെ ശനിയാഴ്ച ഉച്ചയോടെ ദുബൈയുടെ പല ഭാഗങ്ങളിലും പൊടിപടലങ്ങളും ഇടിമിന്നലോടും കൂടിയ മഴ പെയ്തു. എമിറേറ്റ്‌സ് റോഡ്, ദുബൈയിലെ അൽ മർമൂം ഏരിയ, ദെയ്‌റ, അൽ ഖുദ്ര, അൽ ബരാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ, അൽ ഐനിലെ അൽ ഹിയാർ, അൽ ഷിവൈബ് മേഖലകളിലും മഴ പെയ്തു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം വൈകീട്ട് നാല് മണിയോടെയാണ് മഴയെത്തിയത്. ഔദ് മേത്തയിലും ദുബൈ ഹിൽസിലും ദുബൈയുടെ മറ്റ് ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തു. അൽഖൂസ് ഏരിയയിലും എമിറേറ്റ്സ് റോഡിലും ഉച്ചകഴിഞ്ഞ് 3.35 ഓടെ കനത്ത മഴയായിരുന്നു.
ഡ്രൈവിംഗ് സമയത്ത് ജാഗ്രത പാലിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ഷാർജ പൊലിസ് മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്കായി അബുദാബി പൊലിസും മുന്നറിയിപ്പ് നൽകി.
കാലാവസ്ഥ പ്രവചന പ്രകാരം, വേനൽ മഴ തുടരാനാണ് സാധ്യത. യുഎഇയിൽ ഉടനീളം ആകാശം മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഴക്കൻ പ്രദേശങ്ങളിലും അൽ ഐനിലും അൽ ഐനിന്റെ തെക്ക് ഭാഗത്തും ചില സമയങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. അതേസമയം, മഴ ഇല്ലാത്ത സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ കനത്ത ചൂട് തുടരും.
Comments are closed for this post.