ദുബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ഇടിച്ചിട്ട് പോയ വാഹന ഡ്രൈവറെ മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി യുഎഇ പൊലിസ്. 24 കാരനായ ഏഷ്യൻ ഡ്രൈവറെയാണ് പിടിയിലായത്. സംഭവത്തിൽ 27 കാരനായ ഏഷ്യക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ അടിയന്തര വൈദ്യസഹായത്തിനായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവാവിനെ റോഡിലൂടെ വന്ന വാൻ ഇടിച്ചത്. എന്നാൽ വാഹനം നിർത്താതെ പോവുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലിസ് സംഘം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബർദുബൈ പൊലിസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ അബ്ദുൽ മുനീം അബ്ദുൽ റഹ്മാൻ മുഹമ്മദ് പറഞ്ഞു.
വാഹനം കണ്ടെത്താൻ നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ അപകടം വരുത്തിയ വാഹനത്തിൻറെ ലൊക്കേഷൻ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞു. എന്നാൽ വാഹനത്തിൽ ആളുണ്ടായിരുന്നില്ല. ഉപേക്ഷിച്ചനിലയിലായിരുന്നു വാഹനം. പിന്നാലെ നടത്തിയ തിരച്ചിലിലാണ് രാജ്യം വിടാനൊരുങ്ങിയ പ്രതിയെ പിടികൂടിയത്.
Comments are closed for this post.