ദുബൈ: സഞ്ചാരികളുടെയും ദുബൈ നിവാസികളുടെയും എക്കാലത്തെയും ജനപ്രിയ കേന്ദ്രമായ ദുബൈ ഗ്ലോബൽ വില്ലേജ് ആരവങ്ങൾ ഇന്ന് വീണ്ടും തുടങ്ങുന്നു. പതിവിലും ഒരാഴ്ച മുൻപാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് തുറന്നത്. ഇന്ന് വൈകീട്ട് 6 മുതൽ പൊതുജനങ്ങൾക്ക് വില്ലേജിൽ പ്രവേശിക്കാം. ഗ്ലോബൽ വില്ലേജ് അടുത്ത ആറ് മാസക്കാലം തുറന്ന് പ്രവർത്തിക്കും. 2024 ഏപ്രിൽ 28 നാണ് വില്ലേജ് അടക്കുക.
ദുബൈ ഗ്ലോബൽ വില്ലേജിലേക്കുള്ള എൻട്രി ടിക്കറ്റുകൾ ഇപ്പോൾ പാർക്കിന്റെ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് തരം ടിക്കറ്റുകൾ ആണ് ഇത്തവണ പ്രവേശനത്തിനായി ഉള്ളത്. ഈ സീസണിൽ ടിക്കറ്റുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്താൽ സന്ദർശകർക്ക് 10 ശതമാനം ഇളവ് ലഭിക്കും.
വാല്യൂ ടിക്കറ്റുകൾക്ക് ഗേറ്റിൽ 25 ദിർഹവും ഓൺലൈനിൽ 22.5 ദിർഹവുമാണ് വില. ഞായർ മുതൽ വ്യാഴം വരെ (പൊതു അവധി ദിവസങ്ങൾ ഒഴികെ) യുള്ള ഏത് ദിവസവും ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം. കഴിഞ്ഞ വർഷം, ടിക്കറ്റിന് ഗേറ്റിൽ 20 ദിർഹവും ഓൺലൈനിൽ 18 ദിർഹവും ആയിരുന്നു.
അതേസമയം എല്ലാ ദിവസവും സന്ദർശിക്കാവുന്ന ടിക്കറ്റിന് ഗേറ്റിൽ 30 ദിർഹവും ഓൺലൈനായി 27 ദിർഹവും നൽകണം. ഈ ടിക്കറ്റുകൾ വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്‌ചയിലെ ഏത് ദിവസവും ഉപയോഗിക്കാനുള്ള സൗകര്യം സന്ദർശകർക്ക് നൽകുന്നു. കഴിഞ്ഞ വർഷം ഗേറ്റിൽ 25 ദിർഹവും ഓൺലൈനിൽ 22.5 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
മുതിർന്ന പൗരന്മാർ, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, ഇവരോടൊപ്പമുള്ള സഹയാത്രികൻ എന്നിവർക്ക് സൗജന്യമായി പ്രവേശിക്കാം. ഈ ടിക്കറ്റുകൾ എല്ലാം തന്നെ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
വിവിധ രാജ്യത്തിന്റെ തീമിലുള്ള പവലിയനുകൾ ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണമാണ്. ഇവ അതത് രാജ്യങ്ങളുടെ സംസ്കാരം, ഭക്ഷണം, വസ്ത്രങ്ങൾ, പ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു. ഈ വർഷം, ഗ്ലോബൽ വില്ലേജ് വെബ്‌സൈറ്റിൽ 27 പവലിയനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജനപ്രിയമായവയിൽ തുർക്കി, ജപ്പാൻ, യൂറോപ്പ്, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാൻ, ആഫ്രിക്ക എന്നിവ ഉൾപ്പെടുന്നു.
എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9 മണിക്ക് ഗ്ലോബൽ വില്ലേജിൽ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് നടക്കും. ഇത് കൂടാതെ സീസൺ 28-ൽ 40,000-ത്തിലധികം ഷോകളും നടക്കും.
Comments are closed for this post.