2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീലങ്കന്‍ ബോട്ടില്‍ ലഹരി കടത്ത് : കേസ് എന്‍.സി.ബി ഏറ്റെടുത്തു; എത്തിച്ചത് പാകിസ്താനില്‍ നിന്ന്

  • കടലിലെറിഞ്ഞത് 2100 കോടിയുടെ മയക്കുമരുന്ന്

കോവളം: മയക്കുമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ ശ്രീലങ്കന്‍ ബോട്ട് പിടിക്കപ്പെടുമെന്നായപ്പോള്‍ കടലിലെറിഞ്ഞത് 2100 കോടിയോളം വിലവരുന്ന ലഹരിവസ്തുക്കളെന്ന് തീരസംരക്ഷണ സേന. മയക്കു മരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടും ആറു ജീവനക്കാരെയും അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് (എന്‍.സി.ബി) കൈമാറി. 260 കിലോ മയക്കുമരുന്നും നിരോധിത സാറ്റലൈറ്റ് ഫോണുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ അകര്‍ഷദുവ എന്ന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടും അതിലെ ആറു ജീവനക്കാരെയുമാണ് എന്‍.സി.ബി തീരസംരക്ഷണ സേനയില്‍നിന്ന് ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മിനിക്കോയ് ദ്വീപിന് സമീപത്ത് വച്ച് ശ്രീലങ്കന്‍ ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന 260 കിലോ ഹാഷിഷടക്കമുള്ള മയക്കുമരുന്നും സാറ്റലൈറ്റ് ഫോണും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കടലില്‍ മുക്കുകയായിരുന്നുവെന്നും തീരസംരക്ഷണ സേന വ്യക്തമാക്കി. കടലിലെറിഞ്ഞ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2100 കോടി രൂപ വിലവരുമെന്ന് സേനാ അധികൃതര്‍ പറഞ്ഞു.
ലക്ഷദ്വീപിന് 417 നോട്ടിക്കല്‍ അകലെ വച്ച് പാകിസ്താന്‍ ബോട്ടാണ് തങ്ങള്‍ക്ക് മയക്കുമരുന്ന് കൈമാറിയതെന്നും ബോട്ടിന്റെ ക്യാപ്റ്റന്‍ ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഈ ബോട്ടിനൊപ്പം സംശയാസ്പദമായ നിലയില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കണ്ട മറ്റ് രണ്ട് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂടി തീരസംരക്ഷണസേന പിടികൂടിയിരുന്നു. മൂന്ന് ബോട്ടുകളെയും ഇവയിലെ 19 ജീവനക്കാരെയും കഴിഞ്ഞ ദിവസം വിഴിഞ്ഞം മത്സ്യബന്ധന വാര്‍ഫിലെത്തിച്ച് ഐ.ബി, എന്‍.സി.ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അകര്‍ഷദുവ എന്ന ബോട്ടിലെ ആറു ജീവനക്കാരെ മയക്കുമരുന്ന്കടത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിടിയിലായ ചതുറാണി 3, ചതുറാണി 8 എന്നി മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളെയും അന്വേഷണ ഏജന്‍സികള്‍ വിശദമായ ചോദ്യം ചെയ്തിരുന്നു. ലഹരി കടത്തുകാരുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടതോടെ രണ്ട് ബോട്ടുകളും അതിലെ ജീവനക്കാരായ 13 മത്സ്യത്തൊഴിലാളികളെയും വിട്ടയക്കാന്‍ തീരുമാനിച്ചതായി തീരസംരക്ഷണ സേനാ അധികൃതര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.