2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘എസ്.പിയുടെ രണ്ട് മക്കളും ലഹരി അടിമകള്‍’ ലഹരി ഉപയോഗം പൊലിസുകാരുടെ മക്കള്‍ക്കിടയിലും വ്യാപകമെന്ന് തുറന്നടിച്ച് കൊച്ചി കമ്മീഷണര്‍

‘എസ്.പിയുടെ രണ്ട് മക്കളും ലഹരി അടിമകള്‍’ ലഹരി ഉപയോഗം പൊലിസുകാരുടെ മക്കള്‍ക്കിടയിലും വ്യാപകമെന്ന് തുറന്നടിച്ച് കൊച്ചി കമ്മീഷണര്‍

കൊച്ചി: പൊലിസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയില്‍ തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍ കെ. സേതുരാമന്‍. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായെന്നും അദ്ദേഹത്തിന്റെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്നും കമ്മിഷണര്‍ പറഞ്ഞു. അങ്കമാലിയില്‍ കേരള പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ. സേതുരാമന്‍ ഐ.പി.എസ്.

‘മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത് പൊലിസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. അക്കാര്യത്തില്‍ കാര്യക്ഷമമായി മുന്നോട്ടുപോകണം. ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് 2.5 ശതമാനം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കില്‍ കേരളത്തിലത് 1.2 ശതമാനം മാത്രമാണ്. പഞ്ചാബ് പോലുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 12 ശതമാനം വരെ ആളുകള്‍ മയക്കുമരുന്നിന് അടിമകളാണ്. അതിനാല്‍ വളരെ വലിയ പ്രതിസന്ധിയാണെന്ന് പറയാനാവില്ലെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കാരണം, ഇത് വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.’

‘നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവര്‍ത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മള്‍ ജീവിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്തു തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണുതുറന്ന് പരിശോധിക്കണം. ഇത്തരം നിരവധി കേസുകള്‍ കാണുന്നുണ്ട്. എല്ലാ റാങ്കില്‍ ഉള്‍പ്പെടുന്ന പൊലിസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്.പി.യുടെ രണ്ട് ആണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രശ്‌നത്തിലായി. ഇത് വളരെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്’ കെ. സേതുരാമന്‍ ഐ.പി.എസ്. കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.