ഗിരീഷ് കെ. നായർ
മാതാപിതാക്കൾ ജോലിക്കുപോകുന്ന വീടുകളാണ് ലഹരിക്കൈമാറ്റത്തിനും പരീക്ഷണത്തിനും കാരിയറെ ഏല്‍പ്പിക്കാനും വീതംവയ്ക്കാനും കുട്ടികള്‍ തിരഞ്ഞെടുക്കുക. ലഹരി മാഫിയ ഇവിടെ മരുന്നെത്തിക്കും. പൂട്ടിക്കിടക്കുന്ന വീടുകളും മരങ്ങള്‍ക്കിടയിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഇതുപോലെത്തന്നെ ഇവര്‍ സംഗമിക്കുന്നു. സ്‌കൂളിൽനിന്ന് അടുത്തിടെ പിരിഞ്ഞ കുട്ടികളെത്തന്നെയാണ് പലപ്പോഴും ഇതിനായി മാഫിയകള്‍ നിയോഗിക്കുന്നത്. ഇവർ കുട്ടികള്‍ക്ക് പരിചിതരായിരിക്കുമെന്ന മേന്മയുണ്ട്, സുരക്ഷിതവുമാകും.
വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും ചില ഇതരസംസ്ഥാന തൊഴിലാളികൾ മാഫിയകളുടെ വലംകൈയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ പാനീയം കഴിക്കാന്‍ പോകുന്ന ചില കടകളില്‍ മാഫിയ കണ്ണികള്‍ എത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളതായി എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കടയുടമകള്‍ അറിയാതെയാണ് കൈമാറ്റം നടക്കുന്നത്.
പ്രതികള്‍, വീട്ടുകാര്‍,
സമൂഹമാധ്യമം…
മക്കളെ ദിവസത്തിലൊരിക്കലെങ്കിലും കാണാത്ത മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. ജോലിത്തിരക്കിലും സുഹൃദ് വലയത്തിലും പെട്ട് വീട്ടിലെത്തുമ്പോള്‍ മക്കൾ ഉറങ്ങിയിട്ടുണ്ടാകും. പിറ്റേന്ന് പുലര്‍ച്ചെ ജോലിത്തിരക്കിലേക്കിറങ്ങുമ്പോള്‍ മക്കള്‍ക്ക് നിങ്ങളുടെ സ്‌നേഹം കിട്ടുന്നില്ലെന്ന് തിരിച്ചറിയണം. അതേസമയം, സ്‌കൂളിലേക്ക് പോകാന്‍ അവർക്ക് വലിയ സന്തോഷമുണ്ടാകും. കാരണം അവരെ കേള്‍ക്കുന്നവര്‍ അവിടെയുണ്ടാവും. ഇതിൽ വേഷം മാറിയ ലഹരിമാഫിയയുടെ ചങ്ങലയിലുള്ളവരുമുണ്ടാകും. പ്രയാസങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കുന്നതിനിടെ ഒരുതരി മയക്കുമരുന്ന് സമ്മാനിക്കുമ്പോൾ കുരുന്നുകള്‍ അത് മാറോട് ചേര്‍ക്കുന്നെങ്കില്‍ തെറ്റുകാര്‍ നിങ്ങള്‍തന്നെയാണ്.
സമൂഹമാധ്യമങ്ങളും ചില്ലറയൊന്നുമല്ല കുട്ടികളെ വഴിതെറ്റിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലും ലഹരിക്കൂട്ടായ്മതന്നെയുണ്ട്. വാട്‌സ്ആപ്പിലും സ്ഥിതി വിഭിന്നമല്ല. ഫേസ്ബുക്കിലും മറ്റും സാഹസിക പ്രകടനങ്ങള്‍ കാട്ടി ഹീറോ ആകുന്നവര്‍ കുട്ടികളെ തന്നിലേക്ക് അടുപ്പിക്കുകയാണ്, മയക്കുമരുന്നിലേക്ക് ആവാഹിക്കുകയാണ്. കൈയിലും മുതുകിലും നെഞ്ചിലും മറ്റും പച്ചകുത്തി മറ്റുള്ളവര്‍ക്കായി പ്രദര്‍ശനം നടത്തുമ്പോള്‍ കുട്ടികളുടെ ആരാധന നേടാമെന്നാണ് കണ്ടെത്തല്‍. ബൈക്കിൽ നൂറില്‍ പായുമ്പോള്‍ അത് കാണുന്ന കൗമാരം ആ സാഹസികത എവിടെനിന്നു വരുന്നു എന്നറിയില്ല. അവന്‍ ഉപയോഗിക്കുന്ന മയക്കുമരുന്ന് ഉപയോഗിക്കാന്‍ അവരും ശ്രമിക്കും. കുറ്റകരമല്ലെന്ന ചിന്തയാണ് ആദ്യമേ കുട്ടികളില്‍ വേരോടുക.
തിരിച്ചറിയാന്‍ അടയാളങ്ങൾ
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ മാഫിയകളുടെ പ്രത്യേക അടയാളങ്ങളുണ്ട്. ശ്രീബുദ്ധനെയും പരമശിവനെയും വരെ ഇങ്ങനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധ്യാനനിരതരായ ഈ ചിത്രങ്ങള്‍ ശാന്തി എന്ന അര്‍ഥത്തിലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കൊണ്ടുനടക്കുന്നത്. ചിലർ പോപ്പ് ഗായകരുടെ ചിത്രങ്ങളുള്ള ടീ ഷര്‍ട്ടുകളും ഉപയോഗിക്കാറുണ്ടെന്ന് നര്‍കോട്ടിക്‌സ് വിഭാഗം സൂചന നല്‍കുന്നു.
അലസമായും പലപ്പോഴും അശ്രദ്ധയോടെയുമായിരിക്കും വസ്ത്രധാരണ. മുടി ചീകി വയ്ക്കാറില്ല, താടി ഒതുക്കിവയ്ക്കാറില്ല. ആരോടും അധികം സംസാരിക്കാറില്ല. ദേഷ്യമാണ് സ്ഥായീഭാവം. ഭക്ഷണകാര്യത്തില്‍ പിന്നോട്ടാണ്. വീട്ടുകാരോട് എപ്പോഴും അകലം പാലിക്കും. ഒറ്റയ്ക്ക് മുറിയില്‍ കതകടച്ചിരിക്കാന്‍ ഇഷ്ടപ്പെടും. പഠിത്തത്തില്‍ പിന്നോക്കം പോകും. മൂകത വിട്ടുമാറാത്ത ഇക്കൂട്ടര്‍ വീടിനു പുറത്തും ആരോടും സഹകരിക്കാന്‍ താല്‍പര്യം കാട്ടാറില്ല.
Comments are closed for this post.