2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ലഹരി മരണക്കെണി, വീഴരുത്

മനുഷ്യന്റെ ബോധമണ്ഡലത്തിലും ഉപബോധമണ്ഡലത്തിലും കടന്ന് മയക്കമോ ഉത്തേജനമോ സൃഷ്ടിക്കാൻ കഴിവുള്ള രാസവസ്തുക്കളാണ് ലഹരി ഉത്പന്നങ്ങൾ. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ലഹരിവസ്തു പുകയിലയും മദ്യവുമാണ്. കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും രാസപദാർഥങ്ങളും മറ്റനേകം വസ്തുക്കളും ലഹരിക്കായി ഉപയോഗിച്ചുവരുന്നു. 2017ലെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 271 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ 15-64 വയസ് പ്രായമുള്ള ആഗോള ജനസംഖ്യയുടെ 5.5 ശതമാനം മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. യുനൈറ്റഡ് നാഷൻസ് ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) എക്‌സിക്യൂട്ടീവ് ഡയരക്ടർ യൂറി ഫെഡോടോവ് വെളിപ്പെടുത്തുന്നതിങ്ങിനെ: ‘വേൾഡ് ഡ്രഗ് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ മയക്കുമരുന്ന് വെല്ലുവിളികളുടെ ആഗോള ചിത്രം പൂരിപ്പിക്കുകയും കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തിനാവശ്യമായ മരുന്നുകളുടെ ഉത്പാദനത്തിലും വിതരണത്തിലും സന്തുലിതവും സംയോജിതവുമായ രീതി സ്വീകരിച്ച്, ഇത്തരം മരുന്നുകൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്താതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് വിശാലമായ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത അടിവരയിടുന്നു.’

നാടിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന നിലയിൽ കെണിയൊരുക്കുകയാണ് ലഹരി മാഫിയ. ശതകോടികൾ മറിയുന്ന മയക്കുമരുന്ന് വിപണിയിൽ അന്തർദേശീയ അധോലോകം മുതൽ നമ്മുടെ സ്‌കൂൾ കുട്ടികൾവരെ കണ്ണികളാണ്. പുകയില, കഞ്ചാവ് തുടങ്ങിയവയിൽനിന്നുള്ള വിവിധതരം ഉത്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ്പ് മരുന്നുകളുമെല്ലാം അടങ്ങുന്നതാണ് ലഹരിയുടെ സാമ്രാജ്യം. ആഫ്രിക്കൻ രാജ്യങ്ങൾ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പിൻസ് തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിൽനിന്ന് ഇന്ത്യയുടെ പ്രധാന മെട്രോ നഗരങ്ങളിലെത്തുന്ന ലഹരി ഉത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ഗോവ, മംഗളൂരു വഴി വടക്കൻ കേരളത്തിലും ചെന്നൈ വഴി തെക്കും കോയമ്പത്തൂർ വഴി മധ്യകേരളത്തിലും ലഹരി ഒഴുകിപ്പരക്കുന്നു. മദ്യത്തിൽനിന്ന് വഴിമാറുന്ന യുവത മയക്കുമരുന്നിന് അടിപ്പെടുന്ന അപകടകരമായ കാഴ്ചയാണ് കേരളം നേരിടുന്ന സമകാലിക ദുരന്തം. ലഹരിയുടെ പ്രധാന ഉപഭോക്താക്കളും കടത്തുകാരും പുതുതലമുറക്കാരാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങൾ സമീപകാലത്തുണ്ടായി. എന്നാൽ, എത്തുന്ന ലഹരിവസ്തുക്കളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഈ രംഗത്ത് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് നിസ്സംശയം പറയാം. ഭാവിതലമുറയെ കാർന്നുതിന്നുന്ന ഈ വിപത്തിനെ പിടിച്ചുകെട്ടാനുള്ള കർക്കശമായ കർമപദ്ധതികൾ നാം ആവിഷ്‌കരിച്ചേ മതിയാകൂ. എന്നാൽ, മയക്കുമരുന്ന് പരിശോധനയും പിടിച്ചെടുക്കലും കുറ്റവാളികൾക്കെതിരായ നിയമനടപടികളും മാത്രംപോര ഈ ആപൽസന്ധിയെ മറികടക്കാൻ. മാഫിയയുമായി കണ്ണിചേർക്കപ്പെടാതിരിക്കാൻ സമൂഹത്തെയാകെ ബോധവൽക്കരിക്കാനുള്ള അതിബൃഹത്തായ പ്രവർത്തന പദ്ധതിയും അനിവാര്യമാണ്.
ലഹരിവസ്തുക്കളുമായി പിടികൂടുന്നവരിൽ നല്ലൊരു പങ്കും പ്രലോഭനങ്ങൾക്കടിപ്പെട്ട് കാരിയർമാർ ആകുന്നവരാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികളിലുണ്ടാകുന്ന ദൗർബല്യങ്ങളെ മുതലെടുത്ത്, തങ്ങളുടെ വലയിൽ കുടുക്കുകയെന്ന തന്ത്രമാണ് ലഹരി വ്യാപാരികൾ പ്രയോഗിക്കുന്നത്. ഇന്റർനെറ്റ് സൗകര്യങ്ങളുള്ള ഫോണും ഇരുചക്രവാഹനവും മറ്റു സുഖസൗകര്യങ്ങളുമെല്ലാം സ്വന്തമാക്കുകയെന്ന ചിന്തയിൽ കുട്ടികൾ അറിയാതെ വലയിൽ കുടുങ്ങുന്നു. ലഹരിയും അശ്ലീല വിഡിയോകളുമൊക്കെ യഥേഷ്ടം ലഭ്യമാക്കി കുട്ടികളുടെ സാമാന്യബോധത്തെയും മൂല്യസങ്കൽപങ്ങളെയും തകർക്കുന്നു.

നാട്ടിൽ നടമാടുന്ന സകല തിന്മകളുടെയും കുറ്റകൃത്യങ്ങളുടെയും മാതാവ് മദ്യ-മയക്കുമരുന്നുകളാണ്. ദാമ്പത്യബന്ധത്തിലെ വിള്ളലുകളും കുടുംബഛിദ്രതയും ശൈഥില്യവുമെല്ലാം ഇവയുടെ പ്രതിഫലനങ്ങൾ മാത്രം. പെരുകുന്ന ആത്മഹത്യകൾ, ലൈംഗിക അരാജകത്വം, കൊലപാതകങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സ്ത്രീപീഡനങ്ങൾ, ബാലപീഡനങ്ങൾ തുടങ്ങി ഏതിന്റെയും പിന്നാമ്പുറ കഥകളിൽ മദ്യ-മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താൻ പ്രയാസമില്ല.

നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയിൽ വർധിക്കുന്നതായാണ് കണക്കുകൾ. നാർകോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം സംസ്ഥാന നാർകോട്ടിക് സെൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഈ വ്യാപനം ബോധ്യപ്പെടും. 2008ൽ 508 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന കേരളത്തിൽ പത്തു വർഷം കഴിയുമ്പോൾ കേസുകളുടെ എണ്ണം 8,700 ആയാണ് വർധിച്ചത്. മുമ്പത്തേക്കാൾ കൂടുതൽ മയക്കുമരുന്ന് ഇടപാടുകൾ സംസ്ഥാനത്ത് സജീവമാണെന്നർഥം. കേന്ദ്ര സർക്കാരിന്റെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എല്ലാ മാസവും സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കേസുകൾ അവലോകനം ചെയ്യാറുണ്ട്. എല്ലാം സംസ്ഥാനങ്ങളിലേയും മയക്കുമരുന്ന് കേസുകൾ താരതമ്യം ചെയ്യുന്നതിനും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധവേണ്ടയിടങ്ങളിൽ അത് ഉറപ്പാക്കുന്നതിനുമാണിത്. പക്ഷേ, ഇതൊന്നും ഫലം കാണുന്നില്ലെന്നു മാത്രം.

കഴിഞ്ഞവർഷം മാത്രം എക്‌സൈസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകൾ 7,785 ആണ്. 2018ൽ എക്‌സൈസ് 1,941 കിലോ കഞ്ചാവും 53,873 ഗ്രാം ഹാഷിഷും 61 ഗ്രാം ഹെറോയിനും 377 ഗ്രാം ബ്രൗൺഷുഗറും 26,163 ഗ്രാം എം.ഡി.എം.എയും പിടിച്ചു. ചരസ്, ഓപ്പിയം, മാജിക് മഷ്‌റൂം തുടങ്ങിയ ലഹരി പദാർഥങ്ങളെല്ലാം സംസ്ഥാനത്തേക്ക് നിർബാധമെത്തുന്നുണ്ടെന്നാണ് പൊലിസിന്റെയും എക്‌സൈസിന്റെയും ഈ രേഖകൾ വ്യക്തമാക്കുന്നത്. കൊഡെയ്‌ൻ ഫോസ്‌ഫേറ്റ്, ഡയസപാം, ബപ്രനോൻഫിൻ, പ്രൊമെത്താസിൻ തുടങ്ങി വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന 36,571 ഗുളികകളാണ് കഴിഞ്ഞ വർഷം മാത്രം മരുന്നുവേട്ടകളിൽ എക്‌സൈസ് പിടിച്ചത്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ലഹരി പരന്നൊഴുകുകയാണ്. വിദ്യാർഥികളെന്നോ അധ്യാപകരെന്നോ യാചകരെന്നോ തൊഴിലാളികളെന്നോ ഉദ്യോഗസ്ഥരെന്നോ ഡോക്ടർമാരെന്നോ വ്യത്യാസമില്ലാതെ സകലരും ഈ കുളിമുറിയിൽ നഗ്നരാണ്. സിനിമാ-രാഷ്ട്രീയ മേഖലകളിലടക്കം ലഹരി മാഫിയ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനങ്ങളുടെ പിന്നാമ്പുറ കഥകളും പേടിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളും പല ഓമനപ്പേരുകളിലും അറിയപ്പെടുന്ന ലഹരിപ്പാർട്ടി വാർത്തകളുമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. യുവതീയുവാക്കളുടെ ഹരമായി മാറിയിട്ടുള്ള സിനിമാ മേഖലയിലെയും നവസാമൂഹിക മാധ്യമങ്ങളിലെയും ‘ഉന്നതർ’ എന്നറിയപ്പെടുന്ന പലരും ലഹരിയുടെ കച്ചവട ഹബ്ബുകളായി മാറിയിരിക്കുന്നത് രാജ്യത്തെ യുവത്വങ്ങളിൽ ലഹരിയുടെ ഉപഭോഗം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പുതുതലമുറയിൽ ലഹരിയുടെ സ്വാധീനം അതിഭീകരമാം വിധം വർധിച്ചിരിക്കുന്നു.

14 മുതൽ 30 വരെ പ്രായമുള്ളവർക്കിടയിൽ കഞ്ചാവിന്റെയും ഗുളികകളുടെയും പുകയില ഉത്പന്നങ്ങളുടെയും പുതുയുഗ ലഹരി വസ്തുക്കളുടെയും ഉപയോഗം വർധിച്ചിട്ടുണ്ടെന്നതിന് കേരള സർക്കാരിന്റെ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് സാക്ഷിയാണ്. സ്‌കൂൾ, കോളജ് പരിസരങ്ങളെ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ നിറഞ്ഞാടുകയാണ്. ലഹരിയുടെ പിടിയിലാകുന്നവരിൽ അധികവും പെൺകുട്ടികളടക്കമുള്ള ചെറുപ്രായക്കാരാണ്. എക്‌സൈസ് വകുപ്പ് വിമുക്തി ലഹരിവർജന മിഷൻ തുടങ്ങിയതും ലഹരി വിമുക്ത കാംപസ് യാഥാർഥ്യമാക്കാൻ പൊലിസ് ആന്റി നാർകോ ക്ലബുകൾ തുടങ്ങിയതും എക്‌സൈസ് ഇന്റലിജൻസ് ശക്തിപ്പെടുത്തും എന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമൊക്കെ ആശ്വാസജനകമാണ്. ഇതോടൊപ്പം, അഞ്ചുമാസം മുമ്പ് സിറ്റി പൊലിസ് ആരംഭിച്ച ആൽക്കഹോൾ ആൻഡ് ഡ്രഗ് അബ്യൂസ് പ്രിവെൻഷൻ ടാസ്‌ക് (എ.ഡി.എ.പി.ടി), ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്‌സ് സ്‌പെഷൻ ആക്ഷൻ ഫോഴ്‌സ് (ഡി.എ.എന്.എസ്.എ.എഫ്) എന്നിവയുടെ മിന്നൻ പരിശോധനകളുമുണ്ട്. അതുകൊണ്ട് മാത്രമായില്ല. ലഹരികൾക്കടിപ്പെട്ട് പോയ നിർഭാഗ്യവാന്മാരെ അതിൽനിന്ന് എങ്ങിനെയെങ്കിലും മോചിപ്പിക്കാനും സംവിധാനങ്ങൾ കാര്യക്ഷമമാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.