2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദി യുവതക്ക് ഫാല്‍ക്കന്‍ ക്ലാസെടുക്കാൻ കോഴിക്കോട് സ്വദേശി, അറബി പക്ഷിപ്രേമികൾക്ക് പ്രാപ്പിടിയനെ കുറിച്ച് വിശദീകരിച്ച് ഡോ: സുബൈർ മേടമ്മൽ

റിയാദ്: അറബികളുടെ ആഡംബരത്തിന്റെ പ്രതീകമായ ഫാല്‍ക്കന്‍ പക്ഷികളെ കുറിച്ച് ക്ലാസെടുത്ത് അറബി യുവത്വത്തിന്റെ ഹൃദയം കവർന്ന് കോഴിക്കോട് സ്വദേശി. തലസ്ഥാന നഗരിയായ റിയാദ് മല്‍ഹമിൽ നടക്കുന്ന വിവിധ ലോക രാജ്യങ്ങളിലെ ഫാല്‍ക്കന്‍ പ്രേമികളുടെ അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ: സുബൈര്‍ മേടമ്മല്‍ അറബ് യുവതക്ക് ഫാല്‍ക്കനുകളെയും അവയുടെ വേട്ടരീതികളെയും കുറിച്ച് ക്ലാസെടുക്കാനെത്തിയിരിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം ഫാല്‍ക്കന്‍ വേട്ടക്കാരുള്ള രാജ്യമായ സഊദി അറേബ്യയിലെ റിയാദിൽ ആരംഭിച്ച ഇൻറർനാഷനൽ സഊദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷന്റെ രണ്ടാം പതിപ്പിലെ ഈ മലയാളി സാന്നിധ്യം ഏറെ അഭിമാനകരമാണ്. സഊദി ഫാല്‍ക്കന്‍ ക്ലബ്ബിന്റെ അതിഥിയായെത്തിയ അദ്ദേഹം പത്ത് ദിവസം എക്‌സിബിഷന്‍ നഗരിയില്‍ സന്ദര്‍ശകര്‍ക്ക് ഫാല്‍ക്കനുകളെ കുറിച്ച് വിശദീകരിക്കും. സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായ സഊദി ഫാൽക്കൺസ് ക്ലബ് അദ്ദേഹത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർക്ക് കത്തെഴുതി ക്ഷണിച്ചുവരുത്തിയതാണ്.

ഇതാദ്യമായാണ് ഇന്ത്യക്കാരനായ ഗവേഷകന്‍ ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ ക്ലാസെടുക്കാനെത്തുന്നത്.
ഫാല്‍ക്കനുകളെ പരിശീലിപ്പിക്കുന്നതിലും വേട്ടക്കുപയോഗിക്കുന്നതിലും സഊദിയുടെ പുതിയ തലമുറയെ സജ്ജമാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അറബി പാരമ്പര്യ വേഷത്തിൽ ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഏവരുടെയും ഹൃദയം കവരുന്നുണ്ട്. യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രം കോഓഡിനേറ്റർ കൂടിയാണ് ഡോ: സുബൈർ.

റിയാദിൽനിന്ന് 74 കിലോമീറ്ററകലെ മൽഹമിലെ സഊദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് വ്യാഴാഴ്ച ആരംഭിച്ച ഫാൽക്കൺ മേള സെപ്തംബർ മൂന്നുവരെ നീണ്ടു നിൽക്കും. 10 ദിവസം നീളുന്ന മേളയിൽ എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് ശിൽപശാലയും മുഖാമുഖം പരിപാടി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വേണ്ടിയാണ് ശിൽപശാല. പരമ്പരാഗത ഫാല്‍ക്കന്‍ വിനോദങ്ങളില്‍ നിന്ന് സഊദിയുടെ പുതുതലമുറ അകന്നുപോയികൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. സഊദി യുവതക്ക് ഇക്കാര്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചിരുന്നില്ല. ആ വിടവ് നികത്തുകയാണ് ഇദ്ദേഹത്തിന്റെ കർത്തവ്യം.

ഭാവിയിലെ ഫാല്‍ക്കന്‍ വേട്ടക്കാരന്‍ എങ്ങനെ ആകാം എന്ന സെഷന്‍ മൂന്നു മൊഡ്യൂള്‍ ആണ് അവതരിപ്പിക്കുന്നത്. 40 ഇനം ഫാല്‍ക്കനുകള്‍ ലോകത്തുണ്ട്. അതില്‍ പത്തിനവും സഊദിയിലാണ്. മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൽക്കണുകളെ ഉപയോഗിച്ച് വേട്ടയാടുന്നതും വളർത്തുന്നതും സഊദിയിൽ തന്നെയാണ്. ലോകത്തെ ഫാല്‍ക്കന്‍ വേട്ടക്കാരില്‍ അമ്പത് ശതമാനവും സഊദി അറേബ്യയിലാണുള്ളതെന്നാണ് കണക്കുകൾ. കഴിഞ്ഞവർഷം ആരംഭിച്ച സഊദി ഫാൽക്കൺ മേള ഇത്തരത്തിലെ ലോകത്തെ ഏറ്റവും വലിയ മേളയായി മാറിക്കഴിഞ്ഞു.

2001 ല്‍ യുഎഇ ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. യുഎഇ ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗത്വം കിട്ടിയ ഏക അനറബിയുമായിരുന്നു ഇദ്ദേഹം. അബൂദാബിയിൽ വർഷംതോറും നടക്കുന്ന അറബ് ഹണ്ടിങ് ഷോയിൽ തുടർച്ചയായി 20 വർഷമായി പങ്കെടുക്കുന്നുണ്ട്. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടക്കുന്ന ഫാൽക്കൺ മേളകളിലും സ്ഥിരം ക്ഷണിതാവാണ്. 2018ൽ ഖത്തർ മുൻ അമീർ ഹമദ് അൽത്വാനി മൊറോക്കയിൽ തുടങ്ങിയ ഫാൽക്കൺ ബ്രീഡിങ് സെന്ററിന്റെ നിർമാണത്തിൽ കൺസൾട്ടന്റ് എന്ന നിലയിൽ പങ്കാളിയായി.

2019 ൽ ആസ്ട്രലിയൻ ചാൾസ് സ്റ്റർട്ട് യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിലെ ഫാൽക്കണുകളെ കുറിച്ച് ക്ലാസെടുക്കാൻ ക്ഷണിക്കപ്പെട്ടു. 47 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം 27 വര്‍ഷമായി ഫാല്‍ക്കന്‍ പഠനത്തില്‍ വ്യാപൃതനാണ്. 2004 ഡോക്ടറേറ്റും ലഭിച്ചു. തിരൂർ ബാഫഖി യത്തീംഖന ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു അധ്യാപികയായ സജിതയാണ് ഭാര്യ, മക്കൾ: ആദിൽ സുബൈർ (ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എസ്.സി ലൈഫ് സയൻസ് പൂർത്തിയാക്കി), അമൽ സുബൈർ (കാലിക്കറ്റി യൂനിവേഴ്സിറ്റി കാമ്പസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി), അൽഫ സുബൈർ (ആറാം ക്ലാസ് വിദ്യാർഥിനി).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.