2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീധന്യം അംബേദ്കറുടെ സ്വപ്‌നം

ഭരണഘടനാ ശില്‍പ്പിയും ദലിത്പക്ഷ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനുമായ ഡോ. ഭീം റാവു അംബേദ്കറിന്റെ 128-ാം ജന്മദിനമാണിന്ന്. ആ അംബേദ്കര്‍ക്ക് ബ്രിട്ടീഷ് ഭരണസമയത്തു ലഭിച്ച അവസരം പോലും പിന്‍ഗാമികള്‍ക്ക് മോദി- അമിത്ഷാമാര്‍ നിഷേധിക്കുന്ന കാലത്ത്, സംവരണത്തില്‍ പോലും കൈവച്ച നീതിനിഷേധത്തിന് കനത്ത മറുപടിയാണ് കുറിച്യ സമുദായത്തില്‍പ്പെട്ട ആദ്യ ഐ.എ.എസുകാരി ശ്രീധന്യ. നിങ്ങളെത്ര ചവിട്ടിത്താഴ്ത്തിയാലും ഞങ്ങളുയര്‍ന്നു വരുമെന്ന മഹാസന്ദേശവും

നിസാം കെ. അബ്ദുല്ല ഫോട്ടോ: അനന്തു ആരിഫ

(എഡിറ്റേഴ്സ് നോട്ട്: ശ്രീധന്യ 410-ാം റാങ്കോടെ ഐ.എ.എസ് നേടിയ പശ്ചാത്തലത്തില്‍ 2019 ഏപ്രില്‍ 14 ന് ഞായർപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണിത്)

അംബേദ്കര്‍ നിര്‍ത്തിയിടത്തു തന്നെയാണ് ഇന്നും ഇന്ത്യ. അല്ല, അംബേദ്കര്‍ക്കും മുന്‍പേയുള്ളത് തിരിച്ചുകൊണ്ടുവരാന്‍ തീവ്രമായി ശ്രമിക്കുന്ന ദുരന്തമുഖത്താണ് ഇന്ത്യ. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അംബേദ്കറുടെ നയങ്ങള്‍ ചവിട്ടിയരക്കുന്ന പശ്ചാത്തലത്തില്‍, നിങ്ങളുടെ അവശതകളെ പരിഹരിക്കാന്‍ നിങ്ങള്‍ക്കു കഴിയും പോലെ ആര്‍ക്കും കഴിയുകയില്ലെന്ന അദ്ദേഹത്തിന്റെ സന്ദേശം അന്വര്‍ഥമാക്കി, ജാതീയതക്കപ്പുറം വിദ്യാഭ്യാസം കൊണ്ട് പുരോഗതി നേടുന്ന ഒരു സമൂഹമെന്ന ഡോ. ബി.ആര്‍ അംബേദ്കറുടെ സ്വപ്നങ്ങളെ ചിറക് മുളപ്പിച്ച് പറപ്പിക്കുകയാണ് വയനാട്ടില്‍ നിന്നുള്ള ദലിത് പെണ്‍കുട്ടി ശ്രീധന്യ സുരേഷ്.

പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ദലിത് വിഭാഗങ്ങള്‍ സ്വപ്നം മാത്രം കണ്ടിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കാണ് വയനാട്ടുകാരി പെണ്‍കുട്ടി നടന്നുകയറിയത്. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി പറയാം തങ്ങളുടെ ഇടയില്‍ നിന്നും ഇതാ ഒരു മിടുക്കി ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയിരിക്കുന്നുവെന്ന്. അധ:സ്ഥിതന് തലയുയര്‍ത്തി നില്‍ക്കുവാനും അവന് സ്വപ്നം കാണുവാനും ലക്ഷ്യങ്ങള്‍ നിറവേറ്റുവാനും അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനും സ്വപ്നം കണ്ട് നടന്ന ശ്രീധന്യയെന്ന ആ മിടുക്കി വരുതിയിലാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിന്റെ സ്വപ്നങ്ങള്‍ കൂടിയാണ്. സിവില്‍ സര്‍വീസിലെ 410-ാം റാങ്ക് തന്റെ സമുദായത്തിലെ വളര്‍ന്നുവരുന്ന സമൂഹത്തിന് പോരാടാനുള്ള ശക്തിയാവട്ടെയെന്നാണ് അവള്‍ പറയുന്നത്. സാമ്പത്തിക സംവരണവും പുതിയ ജാതി സംവരണ നയവും പിന്നോട്ടടുപ്പിക്കുമെന്ന ഭീതി നമുക്കിനി വേണ്ടെന്നും അവള്‍ പറയുന്നു. ഞാന്‍ റാങ്ക് നേടിയിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ കെല്‍പ്പുള്ളവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. ലക്ഷ്യബോധം ഒന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തേടിപ്പിടിക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും അവള്‍ തന്റെ അനുഭവത്തിലൂടെ കാണിച്ചുതരുന്നു.

സ്വപ്നത്തിലേക്കുള്ള യാത്ര

ഇടിയം വയലില്‍ നിന്ന് തരിയോടുള്ള സ്‌കൂളുകളിലേക്ക് ദിനവും എട്ടുകിലോമീറ്ററുകളോളം നടന്നുപോയ പഠന കാലത്ത് ശ്രീധന്യയെന്ന നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിക്ക് കൂട്ട് നിറയെ സ്വപ്നങ്ങളായിരുന്നു. അതിലൊന്നായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസെന്നത്. പ്ലസ്ടുവരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയപ്പോഴും സ്വപ്നങ്ങളെ കരി പിടിപ്പിക്കാതെ അവള്‍ സൂക്ഷിച്ചു. പത്താംതരത്തില്‍ 85 ശതമാനം മാര്‍ക്ക് ലഭിച്ചതോടെ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് അവള്‍ നടക്കാന്‍ തുടങ്ങി. അങ്ങനെ രണ്ട് വര്‍ഷം എട്ട് കിലോമീറ്ററുകള്‍ ദിനേന താണ്ടിയത് ലക്ഷ്യം എത്തിപ്പിടിക്കാന്‍ എങ്ങനെ പരിശ്രമിക്കണമെന്നതിലേക്കായി. പ്ലസ്ടു സയന്‍സിലും മികച്ച മാര്‍ക്ക് വാങ്ങിയ അവള്‍ പക്ഷെ തന്റെ ലക്ഷ്യത്തെ കുറിച്ച് മാത്രം ആരോടും പറഞ്ഞില്ല. പിന്നീട് കോഴിക്കോട് ദേവഗിരി കോളജില്‍ ബി.എസ്.സി സുവോളജിക്ക് ചേര്‍ന്നു. പഠനം മുന്നോട്ട് നീങ്ങുന്നതിനിടെ അച്ഛനോടാണ് ശ്രീധന്യ തന്റെ ചെറുപ്പക്കാലത്തെ സ്വപ്നത്തെ കുറിച്ച് ആദ്യം പറഞ്ഞത്. അതിനിടെ കൂടുതല്‍ അറിവുകള്‍ നേടിയെടുക്കാന്‍ അവള്‍ക്കായി. കോളജില്‍ നിന്ന് ലഭിച്ച മുഴുവന്‍ സൗകര്യങ്ങളും നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. മകളുടെ സ്വപ്നം കേട്ട് മറ്റ് രക്ഷിതാക്കളെ പോലെ അന്ധാളിക്കാനൊന്നും ദിനവും അഞ്ച് വര്‍ത്തമാന പത്രങ്ങള്‍ അരിച്ചുപെറുക്കി വായിക്കുന്ന പിതാവ് സുരേഷ് നിന്നില്ല.

അദ്ദേഹം ഭാര്യ കമലത്തോട് പറഞ്ഞിതെങ്ങനെയാണ്: ‘നല്ലൊരു വീടെന്ന നമ്മുടെ സ്വപ്നം അവിടെ നില്‍ക്കട്ടെ. അവളുടെ ലക്ഷ്യത്തിന് നമുക്കും കൂടെക്കൂടാം’. ഇത് കുടുംബത്തിലെ എല്ലാവരും ഏകസ്വരത്തോടെ അംഗീകരിച്ചപ്പോള്‍ പി.ജിയും കഴിഞ്ഞ് അവള്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. അതിനിടയില്‍ ‘എന്‍ ഊരു’ പ്രോഗ്രാമിന്റെ പ്രൊജക്ട് അസിസ്റ്റന്റായി ആറുമാസക്കാലം വയനാട്ടില്‍ താല്‍ക്കാലിക ജോലിയും ചെയ്തു. വനിതാ പൊലിസിലേക്ക് പി.എസ്.സി ലഭിച്ചതും അപ്പോഴാണ്. എന്നാല്‍ തന്റെ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇതിനൊന്നും സാധിക്കില്ലെന്ന് ഉറപ്പാക്കിയ ശ്രീധന്യ തിരുവനന്തപുരത്തെത്തി. രണ്ട് വര്‍ഷത്തെ പരിശീലനത്തിലൂടെ തന്റെ സ്വപ്നം സാക്ഷാത്കാരത്തിലെത്തിച്ചാണ് അവള്‍ കഴിഞ്ഞ ദിവസം ചുരം കയറിയെത്തിയത്. മെയിന്‍ എക്‌സാമും ഇന്റര്‍വ്യൂവും ആദ്യ കടമ്പയില്‍ തന്നെ മറികടന്നാണ് ഈ ചരിത്രനേട്ടം ശ്രീധന്യ കൈപ്പിടിയിലൊതുക്കിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് തന്റെ ഈ നേട്ടത്തിന് പിന്നിലെന്ന് ശ്രീധന്യ പറയുന്നു. ഒപ്പം കഴിഞ്ഞ എട്ട് മാസങ്ങളായി വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഫോണിലൂടെ നടത്തിയ മോക് ഇന്റര്‍വ്യൂ തന്റെ ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും ഈ മിടുക്കി പറഞ്ഞു. സംസ്ഥാനത്ത് തന്നെ കുറിച്യ സമുദായത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസുകാരിയാണ് ശ്രീധന്യ. മലയാളം മീഡിയത്തിലൂടെ പഠിച്ചുവളര്‍ന്ന അവള്‍ തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. ഇന്നവള്‍ എല്ലാവരുടെയും ഹീറോയാണ്. ഐ.എ.എസ് പരിശീലനത്തിന് പോകുന്നതറിഞ്ഞ് എന്തിനാണ് ഇതിനൊക്കെ പണം ചെലവാക്കുന്നതെന്ന് ചോദിച്ചവരുടേതടക്കം.

കുടുംബം

വയനാട്ടിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയലില്‍ അമ്പലക്കൊല്ലിയിലെ കുഞ്ഞോത്തുമ്മല്‍ തറവാട്ടിലെ സുരേഷിന്റെയും കലമയുടെയും മകള്‍. ഒറ്റപ്പാലം കോടതിയില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി സേവനമനുഷ്ടിക്കുന്ന സുശിതയും വയനാട് മീനങ്ങാടി പോളിടെക്‌നികില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്രീരാഗുമാണ് സഹോദരങ്ങള്‍.

പഠനം

തരിയോട് നിര്‍മല ഹൈസ്‌കൂളിലും തുടര്‍ന്ന് ജി.എച്ച്.എസ്.എസ് തരിയോടില്‍ നിന്ന് പ്ലസ്ടുവും ദേവഗിരി കോളജില്‍ നിന്ന് ബി.എസ്.സി സുവോളജിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാംപസില്‍ നിന്ന് എം.എസ്.സി അപ്ലൈഡ് സുവോളജിയും പൂര്‍ത്തിയാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.