ക്വാലലംപൂര്‍: കടലില്‍ കൂടി കുടിയേറ്റം നടത്തിയ നിരവധി റോഹിംഗ്യക്കാര്‍ കടലില്‍ മുങ്ങിയതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്. തായ്‌ലാന്റിനു സമീപം മലേഷ്യന്‍ തീരത്താണ് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 24 പേരെ കാണാനില്ല. ഒരാള്‍ മാത്രം രക്ഷപ്പെട്ട് കരയ്‌ക്കെത്തിയിട്ടുണ്ട്.
ലങ്ക്വാവി എന്ന ദ്വീപിലേക്ക് നീന്തിയടുത്ത നോര്‍ ഹുസൈന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് മലേഷ്യന്‍ കോസ്റ്റ്ഗാര്‍ഡ് മേധാവി മുഹമ്മദ് സവാവി അബ്ദുല്ല പറഞ്ഞു. ബോട്ടില്‍ നിന്ന് ചാടിയ ഇയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന് സവാവി പറഞ്ഞു.
മുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും മൃതദേഹമോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ബോട്ടിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും പൊലിസ് പറഞ്ഞു.
മ്യാന്മാറില്‍ ബുദ്ധിസ്റ്റുകളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നതിനെതുടര്‍ന്ന് യാത്ര തിരിച്ചവരാണ് മറ്റുള്ളവരെ പോലെ ഈ റോഹിംഗ്യന്‍ സംഘവും. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയാണ് ഇവര്‍ അധികവും ലക്ഷ്യമിടുന്നത്. എന്നാല്‍ കൊവിഡ് ബാധ പടര്‍ന്നതോടെ ഇവര്‍ വരുന്നത് ഈയിടെയായി മലേഷ്യന്‍ അധികൃതര്‍ തടയാന്‍ തുടങ്ങിയിട്ടുണ്ട്.
Comments are closed for this post.