
കോഴിക്കോട്: തനിക്കായി പിരിവെടുത്ത് കാര്‍ വാങ്ങേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസിനോട് രമ്യ ഹരിദാസ് എം.പി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം. ഞാന്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.
എന്നാല്‍ എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്ന് എഴുതിയ അവര്‍ പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കുറിച്ചിട്ടു.
കെ.എസ്.യു നടത്തുന്ന സമരത്തെ പിന്തുണക്കുന്നതിനെക്കുറിച്ചും കുറിപ്പിന്റെ അവസാനത്തില്‍ അവര്‍ പങ്കുവച്ചു. നമ്മുടെ കൂടപ്പിറപ്പുകളില് ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവന് പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയംസ കെ.പി.സി.സി പ്രസിഡന്റ് വിഷയത്തില്‍ പരസ്യമായി വിയോജിച്ചതോടെ നിലപാട് എടുക്കാന്‍ തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
എം.പിക്ക് കാര്‍ വാങ്ങാന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ഇതിനുവേണ്ടി 1000 രൂപയുടെ കൂപ്പണുകളും വിതരണം ചെയ്തിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം. ഞാന്‍ KPCC പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില് ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവന് പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും അശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളില്‍ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.