ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സത്യാവസ്ഥ പുറത്തുവിടുന്ന വിദേശമാധ്യമങ്ങളെ സ്വാധീന വലയത്തിലാക്കണമെന്ന് സൈന്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുത്തണം. ഇതിനായി വിദേശ മാധ്യമപ്രവര്‍ത്തകരുമായി അടുത്തിടപഴകണമെന്നും അവരെ അകറ്റരുതെന്നും സൈനികര്‍ക്ക് നിര്‍ദേശം നല്‍കി.
370-ാം വകുപ്പ് റദ്ദാക്കിയതു മുതല്‍ കശ്മീരില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശാന്തമാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഓഗസ്റ്റ് ഒന്‍പതു മുതല്‍ ബി.ബി.സി, അല്‍ജസീറ, റോയിട്ടേര്‍സ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിന് ഏറെ തിരിച്ചടിയുണ്ടാക്കുന്നതായിരുന്നു.
ചിത്രം കടപ്പാട്: ബി.ബി.സി
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു മുതല്‍ അവിടെ പ്രശ്‌നങ്ങളോ പ്രതിഷേധങ്ങളോ നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പതിനായിരത്തില്‍ അധികം പേര്‍ അണിനിരന്ന പ്രക്ഷോഭമുണ്ടായിട്ടുണ്ടെന്നും സൈനിക വെടിവയ്പ്പുണ്ടായെന്നുമാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
കശ്മീരിന്റെ യഥാര്‍ഥ അവസ്ഥ ലോകം അറിയുന്നതിന് തടയിടാനുള്ള മോഡി സര്‍ക്കാരിന്റെ തന്ത്രമാണ് വിദേശ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രം. പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമങ്ങളെ സ്വാധീനിക്കുന്നതിനുള്ള ചുമതല വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചുതായും ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രം കടപ്പാട്: ബി.ബി.സി
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍, ജമ്മു കശ്മീരിലെ ഗവര്‍ണറുടെ ഉപദേഷ്ടാവ് വിജയകുമാര്‍ എന്ന മൂവര്‍സംഘം നടപ്പാക്കിയതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പദവി റദ്ദാക്കുന്നതിന് മുന്‍പ് അമിത് ഷാ, അജിത് ഡോവല്‍ എന്നിവര്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണോ എന്ന് കെ. വിജയകുമാര്‍ സംസ്ഥാന ഡി.ജി.പിയോട് ആരാഞ്ഞു. കൂടാതെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി അധിക സൈനിക വിന്യാസം നടത്തിയത് സംബന്ധിച്ച വാര്‍ത്തകളും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ വിദേശ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയം യു.എന്‍ സുരക്ഷാ സമിതി ചര്‍ച്ച ചെയ്തതെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദേശ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നിര്‍ദേശം.
കശ്മീരില്‍ ഇപ്പോഴും ശക്തമായ പ്രതിഷേധങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നുവെന്ന വാര്‍ത്തകളും ഇപ്പോഴും വിദേശ മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.
Comments are closed for this post.