ജ്ഞാൻവാപി മസ്ജിദ് മാതൃകയിൽ ഉത്തർപ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിക്കുള്ളിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നു. മുഗൾ ഭരണാധികാരി ഔറംഗസീബ് ശ്രീകൃഷ്ണ ജന്മഭൂമി തകർത്താണ് ഷാഹി ഈദ്ഗാഹ് പള്ളി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ബാബരിക്കു പിന്നാലെ ഷാഹി ഈദ്ഗാഹ് പള്ളിയും തകർക്കാനുള്ള ഹിന്ദുത്വവാദികളുടെ നീക്കമായി മാത്രമേ ഇതിനെ കാണാനാവൂ. ബാബരി കേസിൽ വിധിന്യായത്തിൽ 1991ലെ ആരാധനാലയ നിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സുപ്രിംകോടതി ഉൗന്നിപ്പറഞ്ഞതാണ്. മുസ്‌ലിംകൾക്ക് മറ്റൊരു ആരാധനാലയംകൂടി നഷ്ടപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. എന്നാൽ, ആദ്യം വരാണസിയിലെ ജ്ഞാൻവാപി, പിന്നാലെ ഷാഹി ഈദ്ഗാഹ് എന്നിങ്ങനെ ഒാരോന്നായി വ്യവഹാരങ്ങളിൽ കുടുക്കിയിടുകയാണ് സംഘ്പരിവാർ.
1967ൽ ഇതു സംബന്ധിച്ച് ആദ്യത്തെ വ്യവഹാരം കോടതിയിലെത്തുമ്പോൾ അതൊരു ഭൂമിത്തർക്കം മാത്രമായിരുന്നു. പള്ളി നിൽക്കുന്ന സ്ഥലം കൃഷ്ണ ജന്മഭൂമിയുടെ നടത്തിപ്പുകാരായ കത്‌റ കേശവ് ദേവ് ട്രസ്റ്റിൻ്റേതാണെന്നും അത് കൈമാറണമെന്നുമായിരുന്നു ആവശ്യം. ക്ഷേത്രം തകർത്ത് പള്ളി നിർമിച്ചുവെന്ന വാദം അന്നുണ്ടായിരുന്നില്ല. പള്ളിക്കുള്ളിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്ന വാദവുമുണ്ടായിരുന്നില്ല. പള്ളിയും ക്ഷേത്രവും തമ്മിൽ ഒരു മതിലിന്റെ അകലമേയുള്ളൂ. പള്ളിയുടെ ഭൂമി ക്ഷേത്രത്തിൻ്റേതാക്കാൻ പല നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും വിജയം കണ്ടിരുന്നില്ല.
1990കളിൽ ബാബരി മസ്ജിദ് നിന്ന ഭൂമി കൈയടക്കാൻ വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും പ്രക്ഷോഭങ്ങളും അക്രമങ്ങളും കലാപങ്ങളുമായി രംഗത്തിറങ്ങിയ കാലത്താണ് ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നിലനിൽക്കുന്നതെന്ന വാദം ആദ്യമായി ഉയരുന്നത്. അക്കാലത്ത് വിശ്വഹിന്ദു പരിഷത്ത് തയാറാക്കിയ പൊളിക്കാനുള്ള 30,000 പള്ളികളുടെ ലിസ്റ്റിൽ ബാബരിക്ക് പിന്നാലെ രണ്ടാമതായിരുന്നു ഷാഹി ഈദ് ഗാഹ്. ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റിയും ക്ഷേത്ര ട്രസ്റ്റും തമ്മിൽ നേരത്തെ കരാറുകളുമുണ്ടായിട്ടുണ്ട്. ഈ കരാറുകൾപോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംഘ്പരിവാർ. ഭൂജാതനായ ശ്രീകൃഷ്ണനാണ് മഥുര കേസിലെ പ്രധാന ഹരജിക്കാരൻ. ബാബരി കേസിൽ ഭൂജാതനായ രാമ വിഗ്രഹമായിരുന്നു(രാംലല്ല വിരാജ്മാൻ) പ്രധാന ഹരജിക്കാരൻ. സമാന കേസാണ് ഇവിടെയും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം, കൃഷ്ണ ഭക്തരെന്ന് അവകാശപ്പെടുന്ന ആറു പേരെയും ഹരജിക്കാരായി ഉൾപ്പെടുത്തി.
ഈ കേസുകളിലെല്ലാം സംഘ്പരിവാറിന്റെ ഇടപെടൽ വ്യക്തമാണ്. ആർ.എസ്.എസിന് കീഴിലുള്ള വിശ്വവേദിക് സംഘടൻ സംഘാണ് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റിന് പിന്നിലുള്ളത്. ഖുതുബ് മിനാർ വിഷ്ണു ക്ഷേത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കേസും സമരവും നടത്തുന്നതും ജിതേന്ദ്ര സിങ് ബൈഷന്റെ നേതൃത്വത്തിലുള്ള ഇതേ വിഭാഗമാണ്. ഇൗ സംഘടന തന്നെയാണ് വരാണസിയിലെ ജ്ഞാൻവാപി മസ്ജിദ് പൊളിക്കാനുള്ള കേസുകൾ നടത്തുന്നത്.
ബാബരിക്കൊപ്പം ജ്ഞാൻവാപിയിലെയും മധുരയിലെയും പള്ളികളും പൊളിക്കുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്യണമെന്ന് സംഘ്പരിവാർ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് നരസിംഹ റാവു സർക്കാർ പാസാക്കിയത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേസായതിനാൽ ബാബരി മസ്ജിദിനെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വന്നപ്പോൾ പ്രതിപക്ഷമായിരുന്ന ബി.ജെ.പി അതിനെ ശക്തമായി എതിർത്തു. ജ്ഞാൻവാപിയും മഥുരയിലെ ഈദ് ഗാഹ് പള്ളിയുമെങ്കിലും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അത് പരിഗണിക്കാതെയാണ് നിയമം പാസായത്. അതായത് ജ്ഞാൻവാപിയും ഈദ്ഗാഹ് പള്ളിയും കൈവശപ്പെടുത്താനുള്ള പദ്ധതി സംഘ്പരിവാർ അന്നേ തയാറാക്കിവച്ചതാണ്. നേരത്തെ ഈദ്ഗാഹ് പള്ളി കൈവശപ്പെടുത്താൻ കോടതിയെ സമീപിച്ചപ്പോൾ ഈ നിയമം ചൂണ്ടിക്കാട്ടിയാണ് കീഴ്ക്കോടതി ഹരജി തള്ളിയത്. മഥുരയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്. പള്ളി തകർക്കാനുള്ള നീക്കത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ട്. അതിനനുസൃതമായി കൃഷ്ണ ജൻമഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ പിന്നിലുള്ള മുസ് ലിം കോളനി സർക്കാർ ഇടിച്ചുനിരത്തുകയും ചെയ്തിരിക്കുന്നു. ബാബരി തകർക്കുന്നതിനുമുമ്പ് അയോധ്യയിലെ മുസ് ലിംകൾക്ക് അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നിരുന്നു. അന്നത് നടപ്പാക്കിയത് വർഗീയ കലാപത്തിലൂടെയായിരുന്നു. സമാനമായൊരു പലായനം സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
മുസ് ലിംകൾ തിങ്ങിത്താമസിക്കുന്ന നയി ബസ്തിയിൽ 200ലധികം വീടുകളാണുള്ളത്. ഇതിന് 150നടുത്ത് വീടുകൾ സർക്കാർ ഇതിനകം തന്നെ ബുൾഡോസറുകൾ ഉപയോഗിച്ചു ഇടിച്ചുനിരത്തി. ഇനി ബാക്കിയുള്ളത് എഴുപതോ എൺപതോ വീടുകൾ മാത്രമാണ്. വന്ദേഭാരത് സർവിസുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് ഈ ഭൂമി ആവശ്യമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മഥുരയിൽനിന്ന് 21 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഹിന്ദു തീർഥാടന കേന്ദ്രമായ വൃന്ദാവനിലേക്ക് റെയിൽ വികസനമാണ് പ്രധാന പദ്ധതി. സീതയുടെ ക്ഷേത്രങ്ങളുള്ളത് വൃന്ദാവനിലാണ്. ഒഴിപ്പിക്കൽ നോട്ടിസിനെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ബുൾഡോസറുകളെത്തി ഇടിച്ചുനിരത്തൽ ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പുതിയ സ്ഥലത്തേക്ക് മാറാൻ മൂന്ന് ദിവസത്തെ നോട്ടിസ് കാലാവധി മാത്രം നൽകി പൊളിച്ചു നീക്കൽ ആരംഭിക്കുകയായിരുന്നു. ഇതിനെതിരേ പ്രദേശവാസി യാക്കൂബ് ഷായുടെ ഹരജിയിൽ ഇടിച്ചു നിരത്തൽ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ് സുപ്രിംകോടതി.
ആരാധനാലയ നിയമം നോക്കുകുത്തിയല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത രാജ്യത്തെ കോടതികൾക്കുണ്ട്. പള്ളിക്കുള്ളിൽ അത് ക്ഷേത്രമാണോയെന്ന് പരിശോധിച്ചുള്ള ശാസ്ത്രീയ പരിശോധനകൾ ഈ നിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതും രാജ്യത്തെ മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തെയും തകർക്കുന്നതുമാണ്. ഒരു സമുദായത്തിന്റെ ആരാധനാലയങ്ങൾ യുക്തിക്ക് നിരക്കാത്ത അവകാശവാദങ്ങളിലൂടെ കൈവശപ്പെടുത്താനുള്ള നീക്കം കോടതികൾ തടഞ്ഞേ മതിയാവൂ.
Content Highlights:editorial in aug 18 2023
Comments are closed for this post.