പിങ്ക് വാട്‌സ്ആപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ലിങ്കില്‍ ഒന്നാണ് വാട്‌സ് പിങ്ക് വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ എന്ന തരത്തിലുള്ളത്. ചാടിക്കേറി ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ നിരവധിയാണ്.
പിങ്ക് വാട്സ്ആപ്പിന്റെ ഡൗണ്‍ലോഡ് ലിങ്ക് അടങ്ങിയ ഒരു സന്ദേശം ഇന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വലിയ ചതിക്കുഴിയാണെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
എന്താണ് ‘Pink WhatsApp’ തട്ടിപ്പ്?
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അടിമുടി പിങ്ക് തീം ആണ് ഈ വാട്സ്ആപ്പിനുള്ളത്. വാട്സ്ആപ്പിന്റെ ഈ പ്രത്യേകത കണ്ടു മാത്രം കണ്ണടച്ച് പിങ്ക് വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഏറെയാണ്. അധിക ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ലിങ്കും കുറേ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പിന്നാലെ ഹാക്കര്‍മാര്‍ ഉണ്ടാകും. അതെ, പിങ്ക് വാട്സ്ആപ്പ് ഒരു സ്‌കാം ആണ്. പിങ്ക് വാട്സ്ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്ന കാര്യം മുംബൈ പോലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്‍ഡ്രോയിഡിന്റെ ഔദ്യോഗിക ആപ്പ് കേന്ദ്രമയ പ്ലേ സ്റ്റോറില്‍ നിന്നു പോലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നാണു വിദഗ്ധര്‍ പറയുന്നത്. ഗൂഗിള്‍ തന്നെ പലപ്പോഴും പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യുന്നു. അതായത് ഔദ്യോഗിക സ്റ്റോറില്‍ പോലും വെല്ലുവിളികള്‍ ഉണ്ട് എന്നാണ് ഇതിന്റെ അര്‍ഥം.
മുംബൈ പൊലീസ് പറയുന്നതനുസരിച്ച്, പിങ്ക് വാട്സ്ആപ്പ് സ്‌കാം ഒരു ഫിഷിംഗ് ലിങ്കാണ്. അതായത് ഉപയോക്താക്കള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ ഹാക്കര്‍മര്‍ക്ക് ഡിവൈസിലേയ്ക്ക് ആക്സസ് ലഭിക്കും. ചിലപ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ആകും അപഹരിക്കപ്പെടുക. അല്ലെങ്കില്‍ ഡിവൈസ് ക്ലോണ്‍ ചെയ്യപ്പെടും. പിന്നെ നിങ്ങള്‍ ഡിവൈസില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഹാക്കര്‍മാര്‍ക്ക് റിമോട്ട് ആയി ആക്സസ് ചെയ്യാന്‍ കഴിയും. അതായത് പിങ്ക് വാട്സ്ആപ്പ് സാമ്പത്തിക നഷ്ടത്തിനോ, മാനഹാനിക്കോ വഴിവയ്ക്കാം. ഡിവൈസുകളില്‍ ശേഖരിച്ചിരിക്കുന്ന കോണ്‍ടാക്ട് വിവരങ്ങള്‍, പേമെന്റ് മാര്‍ഗങ്ങള്‍, ഡെബിറ്റ്- ക്രെഡിറ്റ് വിവരങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എല്ലാം ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കും.
Comments are closed for this post.