
ആന്‍ഡ്ര്യൂസ്: യു.എസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പടിയിറങ്ങി. ആന്‍ഡ്ര്യൂസ് എയര്‍ ബേസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പത്തു മിനിറ്റോളം ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചു. ഹെലികോപ്റ്ററില്‍ ഭാര്യ മെലാനിയയ്ക്കൊപ്പമാണ് ട്രംപ് ചടങ്ങിനെത്തിയത്.
ഫ്ലോറിഡയിലേക്ക് വിമാനത്തിലാണ് ട്രംപ് മടങ്ങിപ്പോയത്. എയര്‍ ബേസില്‍ ഒരുമിച്ചുകൂടിയ അനുയായികളെ ട്രംപിനൊപ്പം മെലാനിയയും അഭിസംബോധന ചെയ്തു. കുടുംബത്തിനും വൈസ് പ്രസിഡന്റിനും ജീവനക്കാര്‍ക്കും എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്.
അമേരിക്കന്‍ ജനതയെ സ്നേഹിക്കുന്നു. ഇപ്പോള്‍ തല്ക്കാലം വിടപറയുന്നു. പക്ഷേ, ഇതൊരു ദീര്‍ഘകാലത്തേക്കുള്ള വിടപറച്ചിലാവില്ലെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് വൈകാതെ വീണ്ടും കാണാം- ട്രംപ് പറഞ്ഞു.
ജീവിതകാലത്തെ ഏറ്റവും വലിയ ആദരവായിരുന്നു പ്രസിഡന്‍ഷ്യല്‍ പദവിയെന്നും ട്രംപ് പറഞ്ഞു. അവിശ്വസനീയമായ നാലു വര്‍ഷമാണ് കടന്നുപോയത്. നമ്മള് ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും ട്രംപ് പറഞ്ഞു.