
തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി ഈ മാസം 12 ന് ഹാജരാകണമെന്ന് അറിയിച്ച് കസ്റ്റംസ് നോട്ടിസ് നല്കി. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നിരുന്നു. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിന് മുമ്പില്‍ നല്കിയ മൊഴിയില്‍ പറയുന്നത്.
കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് യു.എ.ഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്.
2020 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തി എന്നാണ് നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അടക്കം കേസില്‍ പ്രതിസ്ഥാനത്തുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുന്നത്.