മലയാളിയുടെ പ്രിയഭക്ഷണമാണ് കപ്പ അല്ലെങ്കില്‍ മരച്ചീനി. വേവിച്ചും പുഴുക്കായും വറുത്തും അങ്ങനെ പലവിധത്തില്‍ മരച്ചീനി നമുക്ക് പ്രിയമാണ്. പണ്ട് കാലത്ത് പട്ടിണി അകറ്റാനാണ് കപ്പ കഴിച്ചിരുന്നതെങ്കില്‍ ഇന്ന് ഫെവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും കപ്പ താരമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ചെയ്യുന്നുണ്ട് കപ്പ. എന്നിരുന്നാലും കപ്പ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
കപ്പയില്‍ സയനൈഡ്
മരച്ചീനി ഇലയിലും കിഴങ്ങിലും ‘ലിനാമാരിന്‍ ‘, ‘ലോട്ടോസ്ട്രാലിന്‍ !’ എന്നിങ്ങനെ വിഷാംശമുള്ള രണ്ടു ഗ്ലൂക്കോസൈഡുകളുണ്ട്. ഇവ മരച്ചീനിയില്‍ തന്നെയുള്ള ‘ലിനാ മരേസ്’ എന്ന എന്‍സൈമുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വിഘടിച്ച് മാരകമായ ‘ഹൈഡ്രജന്‍ സയനൈഡ്’ ഉണ്ടാകുന്നു. ഒരു കിലോ ഗ്രാം പച്ചക്കപ്പയില്‍15 മുതല്‍ 400 മില്ലിഗ്രാം വരെ ഇത്തരം വിഷവസ്തുവുണ്ട്. ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം ഇവയനുസരിച്ച് അളവില്‍ മാറ്റം വരാം. കട്ടുള്ള കപ്പകളിലെല്ലാം വിഷാംശം കൂടുതലായിരിക്കും. മരച്ചീനിയുടെ പുറന്തൊലിയിലാണ് ഇത് അധികമുണ്ടാവുക. തൊലി നീക്കംചെയ്ത ശേഷം തിളപ്പിക്കുന്നതും ആവര്‍ത്തിച്ച് കഴുകുന്നതും ‘കട്ട്’ പോകാന്‍ സഹായിക്കും. ഗോയിറ്റര്‍ രോഗത്തിന്റെ ഒരു കാരണക്കാരന്‍ കൂടിയാണ് ഈ വിഷവസ്തു. ശരീരത്തിനുള്ളിലെത്തിയാല്‍ മരച്ചീനിയിലെ ഈ വിഷവസ്തു നിര്‍വീര്യമാക്കപ്പെടുന്നത് മനുഷ്യശരീരത്തിലുള്ള ‘റോഡനേസ്’ എന്ന സള്‍ഫര്‍ അടങ്ങിയ എന്‍സൈമിന്റെ സാന്നിധ്യ ത്തിലാണ്. റോഡനേസിന്റെ സാന്നിധ്യത്തില്‍ സയനൈഡ്, തയോ സൈനേറ്റ് ആകുകയും മൂത്രത്തില്‍ കൂടി വിസര്‍ജിക്കപ്പെടുകയും ചെയ്യും.
കൂടുതല്‍ കപ്പ കഴിച്ചാല്‍
കൂടുതല്‍ കപ്പ കഴിച്ചാല്‍ കൂടുതല്‍ റോഡനേസ് ആവശ്യമായി വരും. ഒരു മില്ലിഗ്രാം ഹൈഡ്രജന്‍ സയനൈഡ് നിര്‍വീര്യമാക്കുന്നതിന് 1.2 മില്ലിഗ്രാം ഭക്ഷ്യ സള്‍ഫര്‍ വേണം. അതായത് സിസ്റ്റിന്‍, സിസ്‌റ്റൈന്‍, മെതിയോനൈന്‍ എന്നീ സള്‍ഫര്‍ അമിനോ അമ്ലങ്ങള്‍ ശരീരത്തിലുണ്ടാവണം. ചുരുക്കത്തില്‍ കപ്പയോടൊപ്പം കുറച്ചെങ്കിലും മത്സ്യം, മാംസം എന്നിവ കൂടി ഉള്ളില്‍ ചെല്ലുന്നില്ലെങ്കില്‍ പ്രശനമുണ്ടാകാന്‍ സാധ്യതയുണ്ട്. ദിവസവും 50 60 മില്ലിഗ്രാം വരെ ഹൈഡ്രജന്‍ സയനൈഡ് ഉള്ളില്‍ ചെന്നാല്‍ ആരോഗ്യത്തിന് ഹാനികരമാവില്ല. പക്ഷേ, ഒട്ടും മാംസ്യം ഇല്ലാതെ കപ്പമാത്രമായ ഒരു ആഹാരക്രമം പ്രശ്‌നമുണ്ടാക്കും. ഒരു കിലോഗ്രാം കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീന്‍ കൂടി അകത്തു ചെല്ലണമെന്നാണ് കണക്ക്.
മരച്ചീനി പ്രിയരായ മലയാളികള്‍ക്ക് പോഷകാഹാര പ്രശ്‌നങ്ങള്‍ കാര്യമായി കാണാത്തത് മത്സ്യ, മാംസാദികള്‍ കഴിക്കുന്നതുകൊണ്ടാണെന്ന് വ്യക്തം. കപ്പയും മീനും പ്രത്യേകിച്ച്, മത്തി പോലൊരു രുചികരമായ ചേരുവ സാധാരണക്കാരന്റെ പോഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകിയിരുന്നു.
Comments are closed for this post.