
കൊല്‍ക്കത്ത: അസം പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക വിവാദത്തില്‍ വീണ്ടും കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പട്ടികയ്ക്കു പുറത്തായവര്ക്കെതിരേ വ്യാജ കേസുകള്‍ എടുക്കുന്നുവെന്ന പുതിയ ആരോപണമുയര്‍ത്തിയാണ് മമതയുടെ വിമര്‍ശനം.
അവരെ അസം സര്‍ക്കാര്‍ അപമാനിക്കുകയാണ്. നിരവധി പേര് തടങ്കല്‍ ക്യാംപിലാണ്. എന്‍.ആര്.സി നടപടി സമാധാനപരമാണെങ്കില്‍ എന്തിനാണ് 400 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്ന് പറയണം. എന്‍.ആര്.എ ഒരു പൗരത്വ പ്രശ്നമാണ്. പുറത്താക്കപ്പെട്ടവര്‍ അവരുടെ ഭാഷ കാരണമാണ് പുറത്തായത്. പട്ടികയില്‍ ഇല്ലാത്ത 40 ലക്ഷത്തില്‍ 38 ലക്ഷം പേരും ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ്ലിംകളുമാണ്. അവര്‍ ബംഗ്ല സംസാരിക്കുന്നുവെന്നതാണ് ചെയ്ത തെറ്റ്. അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും മമത പറഞ്ഞു.
ബി.ജെ.പി പ്രസിഡന്റ് അമിത്ഷായ്ക്കും കടുത്ത വിമര്‍ശനത്തിലൂടെ മറുപടി പറഞ്ഞു. എനിക്ക് അമിത് ഷായോട് ചോദിക്കാനുള്ളത്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് പൗരത്വ രേഖകള്‍ ഉണ്ടോയെന്നാണ്. അക്കാലത്ത് കുറച്ചു പേര് മാത്രമാണ് ഈ രേഖകള്‍ ഉപയോഗിച്ചിരുന്നത്. ഒരുപക്ഷെ, നാളെ മഹാത്മാ ഗാന്ധിയുടെ കുടുംബത്തിനു വരെ പൗരത്വം തെളിയിക്കാന്‍ സാധിച്ചില്ലെന്നു വരാം. അതുകൊണ്ട് അദ്ദേഹം ഇന്ത്യക്കാരനല്ലെന്ന് പറയാനാവുമോ?- മമത ചോദിച്ചു.
പശുക്കള്‍ വരെ അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വയ്ക്കേണ്ട സ്ഥിതിയാണ്. അല്ലെങ്കില്‍ ഒരു ദിവസം അവരോടും പുറത്തുപോവാന്‍ പറഞ്ഞേക്കാം- മമത വിമര്‍ശിച്ചു.
Comments are closed for this post.