2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മനുഷ്യരാണ് ഇവരും…; രോഗികളുടെ ബാഹുല്യവും അക്രമ സംഭവങ്ങളുമെല്ലാം ഡോക്ടര്‍മാരെ തള്ളിവിടുന്നത് കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് പത്തിനടുത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

വി.കെ പ്രദീപ്

മനുഷ്യരാണ് ഇവരും

കണ്ണൂര്‍: ‘പകല്‍ മുഴുവന്‍ ആശുപത്രി ഒ.പിയിലും രാത്രി മുഴുവന്‍ ലേബര്‍ റൂമിലുമായി ഒരു അവധിദിനം പോലുമില്ലാതെ വര്‍ഷങ്ങളോളമായി ജീവിതം കളഞ്ഞുപോയവര്‍ നിരവധിയാണ്…’ കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളാണിത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ രാവും പകലുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള ഈ വാചകങ്ങള്‍ നിത്യ ജീവിതത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലേക്കു കൂടി വെളിച്ചം വീശുന്നതാണ്. സര്‍ക്കാര്‍ ആശുപത്രി ഒ.പികളിലെ രോഗികളുടെ ബാഹുല്യം ഡോക്ടര്‍മാരെയാണ് മാനസിക സംഘര്‍ഷത്തിലാക്കുന്നത്. ഗൈനക്കോളജി പോലുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. പകല്‍ മുഴുവന്‍ ഒ.പി നോക്കി കഴിഞ്ഞ് രാത്രി നേരം വെളുക്കുവോളം ലേബര്‍ റൂമിലാണ് മിക്ക ഗൈനക്കോളജിസ്റ്റുകളുടെയും ജീവിതം.

അന്താരാഷ്ട്ര മാതൃകകളെക്കാളും മികച്ച ആരോഗ്യരംഗമുള്ള കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരിശോധിക്കേണ്ട രോഗികളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ധനവും അടിക്കടി ഉണ്ടാകുന്ന ആശുപത്രി അക്രമണവുമാണ് ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്നത്. നിരവധി ഡോക്ടര്‍മാര്‍ മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടുന്നവരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തിനടുത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് ഐ.എം.എ അനൗപചാരികമായി വ്യക്തമാക്കുന്നു. കുടുംബ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും എല്ലാ സന്തോഷങ്ങളും നിഷേധിക്കപ്പെട്ടവരായി മാറുന്നതാണ് ഡോക്ടര്‍മാരെ സമ്മര്‍ദത്തിലാക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ തന്നെ പറയുന്നത്.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി ഒ.പിയില്‍ ഒരു മണിക്കൂറില്‍ 100രോഗികളെ വരെ ഒരു ഡോക്ടര്‍ പരിശോധിക്കുന്നുണ്ട്. ഒരു ദിവസത്തെ ഡ്യൂട്ടിക്കിടയില്‍ 500നടുത്ത് രോഗികളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടി വരുന്നു. വിദേശ രാജ്യങ്ങളില്‍ ഒരു മണിക്കൂറില്‍ നാലോ അഞ്ചോ രോഗികളെ പരിശോധിക്കേണ്ടി വരുമ്പോഴാണ് കേരളത്തിലെ ഈ അവസ്ഥ. ആശുപത്രികളുടെ സൗകര്യം കൂടിയപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായില്ലെന്ന് മാത്രമല്ല, രോഗികളുടെ തള്ളിക്കയറ്റമുണ്ടാവുകയുമാണ്. ചികിത്സയ്ക്ക് പുറമെ, കോടതി, പൊലിസ് വെരിഫിക്കേഷന്‍ എന്നീ ചുമതലകള്‍ കൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍വഹിക്കേണ്ടിവരുന്നു. ഇതെല്ലാം സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരെ കൊണ്ടുചെന്നെത്തിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കാണ്. അന്താരാഷ്ട്ര മാനദണ്ഡത്തിനേക്കാള്‍ വളരെ കൂടുതല്‍ രോഗികളെയാണ് കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍ ഒരു മണിക്കൂറില്‍ പരിശോധിക്കുന്നതെന്ന് ഐ.എം.എ പറയുന്നു. ഇതു പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഐ.എം.എ വ്യക്തമാക്കുന്നു. ഏറ്റവും തിരിക്കുള്ള ദിവസം പോലും ഇംഗ്ലണ്ടില്‍ ഒരു ഡോക്ടര്‍ 30രോഗികളെയേ കാണേണ്ടതുള്ളൂ. ആ സ്ഥാനത്താണ് 400ന് മുകളില്‍ രോഗികളെ നിത്യേന കാണാന്‍ നിര്‍ബന്ധിരാകുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കേരളത്തിലുള്ളത്. ഇതിന് പുറമെയാണ് പലപ്പോഴും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന അക്രമ സംഭവങ്ങള്‍.

   

doctors-strugling-life-story


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.