തൃശൂർ : ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്‌ടർ സ്വകാര്യ ക്ലിനിക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. ഡോ. ഷെറി ഐസക് ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് ശസ്‌ത്രക്രിയ ചെയ്യുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് കുടുങ്ങിയത്.
വടക്കാഞ്ചേരി സ്വദേശിനിയായ രോഗിക്ക് ശസ്‌ത്രക്രിയ നടത്തുന്നതിന് ഭർത്താവിനോട് പണവുമായി ഓട്ടുപാറയിലെ സ്വകാര്യ ക്ലിനിക്കിലെത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം വിജിലൻസിന് കൈമാറി. ചൊവ്വാഴ്‌ച ഉച്ചക്ക് വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ പണം ഡോക്ടർക്ക് നൽകി. പിന്നാലെ വിജിലൻസ് ഡിവൈഎസ്‌പി സി ജി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കൈയോടെ പിടികൂടി. കൈക്കൂലി കൊടുക്കാത്തതിനാൽ മുമ്പ് പലതവണ ഇവരുടെ ശസ്‌ത്രക്രിയ മാറ്റി വച്ചതായി പരാതിയുണ്ട്.
വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, എസ്‌ഐമാരായ പി ഐ പീറ്റർ, ജയകുമാർ, എഎസ്‌ഐ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരും ഉണ്ടായിരുന്നു.
Content Highlights:doctor arrested in trissur
Comments are closed for this post.