2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മിഷൻ മോദിയെ പേടിക്കണോ?

Do you want to be afraid of Mission Modi?


വന്നു, കണ്ടു, കീഴടക്കി എന്നൊരു പ്രയോഗമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ കേരള സന്ദർശനത്തെ വിശേഷിപ്പിക്കാൻ ഈ പ്രയോഗം എത്രത്തോളം ഉചിതമായിരിക്കും. സന്ദർശനം വിജയമാണെന്നുറപ്പ്. രാഷ്ട്രീയത്തിൽനിന്ന് വിമുക്തവും വികസനത്തിൽ കേന്ദ്രീകൃതവും സംവാദാത്മകമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ പരിപാടി എന്ന ധാരണ സൃഷ്ടിച്ചു കൊണ്ടാണ് ബി.ജെ.പിയും കേന്ദ്ര ഭരണകൂടവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ അനുബന്ധ ചടങ്ങുകൾ ആസൂത്രണം ചെയ്തത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക സംവിധാനവുമായി ബന്ധപ്പെട്ട വ്യക്തികൾക്കുമൊക്കെ ആവശ്യമായ പരിഗണന ലഭിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ നേതാവിനെ കൃത്യമായി ഒഴിവാക്കിക്കൊണ്ടായിരുന്നു സകല പരിപാടികളും.

ജനപങ്കാളിത്തംകൊണ്ടും ഔദ്യോഗിക പിൻബലത്തോടെ നടത്തിയ ആഘോഷത്തിന്റെ തിമർപ്പ് മൂലവും ചില ഓളങ്ങളെല്ലാം സൃഷ്ടിക്കാൻ ബി.ജെ.പിക്കും മോദിക്കും സാധിച്ചിട്ടുണ്ട്. അക്ഷരാർഥത്തിൽ മോദി നടത്തിയ റോഡ് ഷോകളായിരുന്നു കൊച്ചിയിലും തിരുവനന്തപുരത്തും കണ്ടത്. കാര്യമായ ജനപിന്തുണയില്ലാത്ത കേരളത്തിൽ ബി.ജെ.പിക്ക് ഇത് ഭംഗിയായി നടത്താൻ കഴിഞ്ഞത് എങ്ങനെയായിരിക്കും ബി.ജെ.പി അജൻഡകളുടെ പൂർത്തീകരണത്തെ ബാധിക്കുക എന്നത് ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു.


ഒരേസമയം വികസനത്തിലും സമുദായ പ്രീണനത്തിലും ഊന്നിനിന്നുകൊണ്ടുള്ള ദൗത്യമാണ് മിഷൻ മോദി ഏറ്റെടുത്തത്. വന്ദേഭാരത് തീവണ്ടി ആയിരുന്നു വികസനത്തിന്റെ രൂപകം. തീവണ്ടിയുടെ വരവ് കേരളത്തിന്റെ വികസനക്കുതിപ്പിന്റെ അടയാളമായി കൊണ്ടാടപ്പെട്ടു. സിൽവർ ലൈൻ എന്ന സംസ്ഥാന സർക്കാരിന്റേയും ഇടതുമുന്നണിയുടേയും സ്വപ്ന പദ്ധതിയോടുള്ള ബി.ജെ.പിയുടെ വിയോജിപ്പിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് സ്വീകാര്യമായ ബദൽ മാത്രമായല്ല ചിത്രീകരിക്കപ്പെട്ടത്. കേരളത്തിന്റെ വികസന കാര്യത്തിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക വഴികളുടെ പ്രതീകം കൂടിയായാണ്. ഇതുവഴി ഇടതുമുന്നണിയുടെ മാതൃകകളെ അപ്രസക്തമാക്കാൻ ബി.ജെ.പിക്ക് സാധിക്കും എന്ന സന്ദേശമാണ് മുന്നോട്ട് വെക്കപ്പെട്ടത്. സ്വാഭാവികമായും വന്ദേഭാരത് തീവണ്ടിയിലെ മോദി ഫാക്ടർ കേരളത്തിലെ ബി.ജെ.പിയുടെ പ്രതിഛായ തീർച്ചയായും പൊലിപ്പിക്കും. പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ. ഇതാണ് വികസന രാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ ഒന്നാം പാഠം.


അതോടൊപ്പം തന്നെ, മോദി മിഷൻ കേരളത്തിലെ ക്രിസ്തീയ സമുദായത്തെ കണ്ണുവച്ചുകൊണ്ടുള്ള രാഷ്ട്രീയനീക്കം കൂടി നടത്തുന്നു. ഒളിഞ്ഞും മറഞ്ഞുമുള്ള കരുനീക്കമല്ല മോദിയുടേത്. കൊച്ചിയിൽവച്ച് അദ്ദേഹം കൃത്യമായി ക്രിസ്ത്യാനികളോട് ഒരു കാര്യം പറഞ്ഞു. ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള ക്രിസ്ത്യാനികൾ ബി.ജെ.പിക്കൊപ്പം നിന്നു. ഇപ്പോൾ അവിടങ്ങളിൽ ബി.ജെ.പി ഭരിക്കുന്നു. അതേപോലെ കേരളത്തിലെ ക്രിസ്തീയ സമുദായവും ചിന്തിക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഇത് കൃത്യമായ അജൻഡയുടെ ഭാഗമായി മുന്നോട്ടുവച്ച ആവശ്യമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയപ്പോൾ കേരളത്തിലും ബി.ജെ.പി അധികാരത്തിൽ വരുമെന്ന് മോദി അവകാശപ്പെട്ടതിനെ ഈ മിഷനോട് ചേർത്തുവായിക്കണം. ഗോവയിലേയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങൾക്ക് സമാനമാണ് കേരളത്തിലേതും. മൂന്നിടങ്ങളിലും ഹിന്ദുത്വരാഷ്ട്രീയം പ്രബലമല്ല. എന്നു മാത്രമല്ല ക്രൈസ്തവ സമുദായത്തിന്ന് സാമൂഹികമായ മേൽക്കൈ പല മണ്ഡലങ്ങളിലുമുണ്ടുതാനും. ക്രിസ്തീയ സമുദായത്തിന്റെ പിന്തുണയോടെയാണ് ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം പിടിച്ചത്. കേരളം പോലെ ചെറിയ സംസ്ഥാനങ്ങളാണ് അവ. ക്രിസ്തീയ സമുദായത്തിന്റെ പിന്തുണ ബി.ജെ.പിക്ക് ഗുണം ചെയ്യുന്നതിന് ഇത് കൂടുതൽ അനുകൂലമാണെന്ന് ഹിന്ദുത്വ രാഷ്ട്രീയം കണക്കുകൂട്ടുന്നു. അതിനാൽ പാർട്ടി ആഞ്ഞൊരേറ് നടത്തിയിരിക്കുകയാണ്. മോദി മിഷൻ കേവലം പ്രതിഛായാ നിർമ്മാണത്തിനപ്പുറത്തേക്ക് ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണെന്ന് തീർച്ച. അടുത്ത തെരഞ്ഞെടുപ്പിൽ കേരളവും എന്ന് തന്നെയാണ് പാർട്ടി കണക്കുകൂട്ടുന്നത്. കൊച്ചിയിൽ അതിന്റെ തുടക്കമിട്ടു കഴിഞ്ഞു മോദി.


ബി.ജെ.പിയുടെ തന്ത്രമെന്ത്?


ആരാണ് ബി.ജെ.പിയുടെ കേരളത്തിലെ മുഖ്യശത്രു? ഇടതുപക്ഷമല്ല, കോൺഗ്രസ് തന്നെയാണ്. ഇന്ത്യയിലെവിടെയും ആശയപരമായ കാരണങ്ങളാൽ കോൺഗ്രസാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുഖ്യശത്രു. കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ നിർണിത ലക്ഷ്യം. കോൺഗ്രസ് മുക്ത കേരളം സി.പി.എമ്മിന്റേതും. തികഞ്ഞ ഹിന്ദുപ്പാർട്ടിയായ ബി.ജെ.പിയും സാമുദായിക പിൻബലവും സാംസ്‌ക്കാരിക ചുറ്റുപാടുകളും വച്ചുനോക്കുമ്പോൾ ഹിന്ദുപ്പാർട്ടിയെന്നുതന്നെ പറയാവുന്ന സി.പി.എമ്മും ഒന്നിച്ചുചേർന്നു എതിർക്കുമ്പോൾ ഗ്രൂപ്പുകളിയും തമ്മിൽ തല്ലുംകൊണ്ട് നിർവീര്യമായിപ്പോയ കോൺഗ്രസിന് പിടിച്ചുനിൽക്കുക പ്രയാസമാണ്.
കോൺഗ്രസിനെ പിന്തുണക്കുന്ന സാമുദായിക ശക്തികൾ മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ്. അവരിൽ ക്രിസ്ത്യാനികളെ തങ്ങൾക്കൊപ്പം നിർത്താനാണ് ബി.ജെ.പിയുടെ ശ്രമം. അതു സാധിച്ചാൽ കോൺഗ്രസും യു.ഡി.എഫും തകരുമെന്നും സി.പി.എമ്മായിരിക്കും മുഖ്യ എതിരാളി എന്നുമാണ് ബി. ജെ.പിയുടെ കണക്കുകൂട്ടൽ. പിന്നീട് സംഭവിക്കുക രണ്ട് ഹിന്ദുപ്പാർട്ടികൾ തമ്മിലുള്ള അധികാര മത്സരമായിരിക്കും. അപ്പോൾ കാര്യങ്ങൾ ബി.ജെ.പിക്ക് താരതമ്യേന എളുപ്പമായിരിക്കും. കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങളായിരിക്കും തുടർന്നുണ്ടാവുക. അത് അസംഭവ്യമാണെന്ന് കരുതേണ്ടതില്ല. അടിമുടി ചുവന്നുനിന്ന പ്രബുദ്ധ ബംഗാളിൽ സംഭവിച്ചതെന്താണ്?


സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും കേഡറുകൾ കേരളത്തിൽ സജീവമാണ്. ഇവരുടെ ദ്വിമുഖാക്രമണത്തെ നേരിടാൻ കോൺഗ്രസിന്റെ പക്കൽ എന്താണുള്ളത്? നേരുപറഞ്ഞാൽ കോൺഗ്രസ് പിടിച്ചുനിൽക്കുന്നത് കേരളീയ സമൂഹമനസിന്റെ ആഴത്തിൽ നിലനിൽക്കുന്ന മതേതരബോധം ഒന്നുകൊണ്ട് മാത്രമാണ്. ആ മതേതരബോധത്തെ മറികടക്കാൻ മോദിപ്രഭാവംകൊണ്ടും വികസനവാദംകൊണ്ടും സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നു. വ്യക്തിപ്രഭാവത്തിനും വികസനവാശിക്കും വളക്കൂറുള്ള മണ്ണായി മാറിയ കേരളത്തിൽ സംഗതി എളുപ്പമായിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ നരേന്ദ്ര മോദി കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതിൽ തെറ്റില്ല. തിരുവനന്തപുരത്തുനിന്നു കൂടി മോദി മത്സരിക്കുക എന്നതായിരിക്കും ദക്ഷിണേന്ത്യ കീഴടക്കാൻ ബി.ജെ.പി കണ്ടുവച്ച തന്ത്രം. അക്ഷരാർഥത്തിൽ തന്നെ ഒരു ബ്ലിറ്റ്‌സ് ക്രീഗ്. ഈ ആക്രമണത്തെ ഒന്നിച്ചുനിന്ന് എതിർത്തു തോൽപ്പിക്കാൻ കേരളത്തിലെ ഇരുമുന്നണിക്കും സാധിക്കുമോ? അതിനുള്ള വിവേകം കേരളത്തിനുണ്ടാകുമോ? ഒരു സാങ്കൽപിക ചോദ്യം എന്നു കരുതി തള്ളിക്കളയേണ്ട ഒന്നല്ല ഇത്. മോദി മിഷന് പിന്നിൽ ഇത്തരം സ്വപ്ന പദ്ധതികൾ കൂടി ഇല്ലെന്ന് ആർക്കു ഉറപ്പിച്ചു പറയാനാവും?

Do you want to be afraid of Mission Modi?

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.