ഫോണില്ലാതെ ഒരു നിമിഷം പോലും കഴിയാനാവാത്തവരായിരിക്കുന്നു ഇന്ന് നമ്മള്‍. ഇരിക്കുമ്പോള്‍ നടക്കുമ്പോള്‍ കിടക്കുമ്പോള്‍ ഉണ്ണുമ്പോള്‍ എന്തിനേറെ ഉറങ്ങുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ നമുക്കൊപ്പമുണ്ടാവും. ടോയ്‌ലറ്റില്‍ പോവുമ്പോഴും ഫോണ്‍ കൂടെ കൊണ്ടു പോവും ചിലര്‍. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായാണ് വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്. വാഷ്‌റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദശലക്ഷണക്കണക്കിന് ബാക്ടീരിയകളെ കൂടിയാണ് നിങ്ങള്‍ ദിവസം മുഴുവന്‍ കൂടെ കൊണ്ട് ഇറങ്ങുന്നതെന്നാണ് മുന്നറിയിപ്പ്.
നോര്‍ഡ് വിപിഎന്നിന്റെ പഠനമനുസരിച്ച് 10 ല്‍ ആറ് പേരും ഫോണ്‍ വാഷ്‌റൂമില്‍ കൊണ്ടുപോകുന്നവരാണ്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍. ഈ ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ 61.6 ശതമാനം പേരും ടോയ്‌ലറ്റ് സീറ്റിലിരുന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ പരിശോധിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ 33.9% ആളുകള്‍ ടോയ്‌ലറ്റില്‍ ഇരുന്ന് ഫോണില്‍ കറണ്ട് അഫേഴ്‌സ് വായിക്കുമെന്നും 22.5% ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ടെന്നും കണ്ടെത്തി. സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി എന്ന് പറയുന്നത് ഒരു വലിയ പ്രശ്‌നമാണെങ്കിലും അതിലുപരി ടോയ്‌ലറ്റിലെ ഈ ശീലം സ്മാര്‍ട്ട് ഫോണിനെ മാരകമായ ബാക്ടീരിയകളുടെയും അണുക്കളുടെയും ഉറവിടമാക്കി മാറ്റുന്നു എന്നതിലാണ് യഥാര്‍ത്ഥ അപകടം ഒളിഞ്ഞിരിക്കുന്നത്.
ടോയ്‌ലറ്റ് സീറ്റില്‍ ഇരുന്ന് ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് വഴി ബാക്ടീരിയകളും രോഗാണുക്കളും അവരുടെ കൈകളിലൂടെ സ്മാര്‍ട്ട്‌ഫോണിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് ദിവസം മുഴുവന്‍ ആളുകള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഈ ബാക്ടീരിയകള്‍ അവരുടെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 28 ദിവസം വരെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ രോഗാണുക്കള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അണുബാധ നിയന്ത്രണ വിദഗ്ധന്‍ ഡോ. ഹ്യൂ ഹെയ്ഡന്‍ യാഹൂ ലൈഫ് യുകെയോട് പറയുന്നത് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ പത്തിരട്ടി വരെ അണുക്കളെ വഹിക്കാന്‍ കഴിയും.’സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ പത്തിരട്ടി വരെ അണുക്കളെ വഹിക്കാന്‍ കഴിയുമെന്നത് സ്ഥാപിതമായ ഒരു വസ്തുതയാണ്. ടച്ച്‌സ്‌ക്രീനുകളെ ‘ഡിജിറ്റല്‍ യുഗത്തിലെ കൊതുക്’ എന്ന് വിശേഷിപ്പിച്ചത് പകര്‍ച്ചവ്യാധിയുടെ വാഹകരാണ് എന്നതുകൊണ്ട് തന്നെ ആണെന്ന് അണുബാധ നിയന്ത്രണ വിദഗ്ധന്‍ ഡോ ഹ്യൂ ഹെയ്ഡന്‍ വ്യക്തമാക്കി. കൂടാതെ ടോയ്‌ലറ്റ് സീറ്റുകളില്‍ സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള അപകടകാരികളായ അണുക്കള്‍ അടങ്ങിയിരിക്കാം’- അദ്ദേഹം പറയുന്നു.
ഈ രോഗകാരികള്‍ യൂറിനറി ഇന്‍ഫക്ഷന്‍, വയറുവേദന, വയറിളക്കം, അണുബാധകള്‍, ഭക്ഷ്യവിഷബാധ, കുരു പോലുള്ള ചര്‍മ്മ അണുബാധകള്‍, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ ഈ അപകടം ഒഴിവാക്കാന്‍ നിങ്ങളുടെ ഫോണ്‍ വാഷ്‌റൂമിലേക്ക് കൊണ്ടുപോകാതിരിക്കുക. ഫോണുകള്‍ മാത്രമല്ല നിങ്ങളുടെ ഇയര്‍ബഡുകളോ ഗാഡ്‌ജെറ്റുകളോ ബാത്‌റൂമിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വിനോദങ്ങള്‍ ഒഴിവാക്കി ആരോഗ്യത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കാന്‍ ശ്രമിക്കുക.
do-you-use-your-smartphone-in-the-toilet-here-s-why-you-must-stop
Comments are closed for this post.