2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഓര്‍മയുണ്ടോ അലറിവിളിച്ച് നഗ്നയായി ഓടിയ ഈ നപാം പെണ്‍കുട്ടിയെ? അവരുടെ പൊള്ളലിന്റെ അവസാന പാടും മാറിയത് 50 വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം; ഇന്നവര്‍ക്ക്‌ 59 വയസ്

യു.എം മുഖ്താര്‍

 അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിന്റെ ഭീകരത ലോകത്തോട് വിളിച്ചുപറയുന്നതായിരുന്നു ബോംബുകള്‍ വീഴുന്നത് കണ്ട ഒമ്പതു വയസുകാരി ഉടുതുണിയില്ലാതെ പ്രണാരക്ഷാര്‍ഥം ഓടുന്ന ചിത്രം. പുറംഭാഗത്ത് പൊള്ളലേറ്റ് അലറിവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ചിത്രം മന:സാക്ഷിയെ പിടിച്ചുലച്ചതിനൊപ്പം യു.എസിന്റെ വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായി അറിയപ്പെടുകുംചെയ്തു.
‘നാപാം പെണ്‍കുട്ടി’ എന്ന പേരില്‍ പ്രശസ്തയായ കിം ഫുക് ഫാന്‍ തി ഇപ്പോള്‍ പൊള്ളല്‍മൂലമുള്ള പാടുകളില്‍ നിന്നെല്ലാം മോചിതയായിരിക്കുന്നു. അതും 50 വര്‍ഷംനീണ്ട ചികിത്സയ്ക്കൊടുവില്‍. ചര്‍മത്തിന്റെ പുറം ഭാഗമായ എപ്പിഡെര്‍മിസും തൊട്ട് താഴെയുള്ള പാളിയായ ഡെര്‍മിസും പൂര്‍ണമായും പൊള്ളലേറ്റ അവസ്ഥയിലാണ് അവരെ ആശുപത്രിയിലെത്തിച്ചത്. 1,200 ഡിഗ്രി താപനില വരെ ചൂടുള്ള ‘നപാം ബോബ്’ പൊട്ടിത്തെറിച്ച് കിമ്മിന് 30 ശതമാനം പൊള്ളലേറ്റിരുന്നു.

ഒമ്പത്, പത്ത് വയസ്സുകളില്‍ 17 ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലുംചികിത്സകള്‍ തുടര്‍ന്നു. 2015 യു.എസിലെ പ്രശസ്തനായ തൊലിരോഗവിദഗ്ധന്‍ കിമ്മിന് സൗജന്യ ചികിത്സ വാഗ്ദാനംചെയ്തു. അദ്ദേഹം തുടങ്ങിവച്ച ചികിത്സയുടെ അവസാനനടപടികള്‍ ഇന്നലെ പൂര്‍ത്തിയായതോടെയാണ് യുദ്ധം മനസ്സിനൊപ്പം ശരീരത്തിലും ഏല്‍പ്പിച്ച പാടുകള്‍ പൂര്‍ണമായി നീങ്ങിയത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കിമ്മിന്റെ ഗ്രാമത്തില്‍ യു.എസ് നപാം ബോംബ് വര്‍ഷിച്ചത്. ബോംബ് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് എല്ലാവരോടും രക്ഷപ്പെടാന്‍ വിയറ്റ്നാം സൈനികര്‍ പറഞ്ഞു. ഇത് കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ യു.എസ് യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുന്നതാണ് കിം കണ്ടത്. ഓട്ടം തുടങ്ങുമ്പോഴേക്കും ഉഗ്രശബ്ദത്തില്‍ അവ താഴെ പതിച്ചു. പൊള്ളുന്നേ… എന്നു നിലവിളിച്ചോടുന്ന കിമ്മിന്റെ ചിത്രം വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടാണ് പകര്‍ത്തിയത്. ചിത്രത്തിന് പുലിറ്റ്സര്‍ ഉള്‍പ്പെടെയുള്ള ബഹുമതിയും ലഭിച്ചു.

കിമ്മിന് ഇപ്പോള്‍ 59 വയസ്സുണ്ട്. 1992ലെ വിയ്റ്റ്നാം യുദ്ധത്തെത്തുടര്‍ന്ന് കിം ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് താമസംമാറ്റിയിരുന്നു. ഞാനിപ്പോള്‍ പഴയ നപാം പെണ്‍കുട്ടിയല്ല. യുദ്ധത്തിന്റെ ഇരയുമല്ല. ഇപ്പോള്‍ മുത്തശ്ശിയായി. യുദ്ധത്തിന്റെ അതിജീവിതയായി സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്- കിം പറഞ്ഞു. കിം ഇതുപറയുമ്പോള്‍ ആശുപത്രിയില്‍ നിക് ഉട്ടും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചിത്രം പകര്‍ത്തിയപ്പോള്‍ കിം ചിരിക്കുകയായിരുന്നു, അധിനിവേശം ഏല്‍പ്പിച്ച പൊള്ളലിന്റെ അവസാന അടയാളവും നീങ്ങിയ സന്തോഷത്തില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.