തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്നാടിനെ ആശങ്ക അറിയിച്ച് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. മുന്നറിയിപ്പ് നല്‍കിയും കൂടിയാലോചനകള്‍ക്ക് ശേഷവും മാത്രമേ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാടുള്ളൂവെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ഷട്ടറുകള്‍ പകല്‍ സമയങ്ങളില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ തടയാന്‍ അയല്‍ സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ കേരളവും തമിഴ്നാടും യോജിച്ചുള്ള പദ്ധതികള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. രണ്ടരയോടെ എട്ട് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയത്. മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ 8000 ഘനയടി വെള്ളമാണ് പെരിയാറിലേയ്ക്ക് ഒഴുകിവന്നത്. ഇതോടെ മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
Comments are closed for this post.