2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേട്ടു ഞെട്ടരുത്; കേരളത്തില്‍ കാക്കിക്കുള്ളില്‍ 744 കള്ളന്‍മാര്‍, സര്‍വിസില്‍ നിന്ന് പുറത്താക്കിയത് 18 പേരെ മാത്രം

691 പേര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തു

 

തിരുവനന്തപുരം: കേട്ടു ഞെട്ടരുത്. മൂക്കത്തും വിരല്‍വെക്കരുത്. പക്ഷ്യ സത്യമാണ്. നമ്മുടെ ക്രമസമാധാനപാലനത്തിനായി ചുമതലപ്പെടുത്തിയ പൊലിസുകാരില്‍ എണ്ണൂറിനടുത്ത് പേര്‍ ക്രിമിനലുകളാണ്. അതെ. കേരളത്തില്‍ കാക്കിയിട്ട കള്ളന്‍മാരുടെ എണ്ണം 744 ആണെന്നത് ആരെങ്കിലും ഉന്നയിക്കുന്ന ആരോപണമല്ല, സര്‍ക്കാര്‍ രേഖകളിലെ കണക്കുകളാണ്. ഇത്രയും പൊലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. ഇതു മൂടിവെക്കാനാകാത്തവിധം ഗതികെട്ടതുകൊണ്ടുമാത്രം പുറത്തുവന്ന കഥ. അണിയറയില്‍ ഒതുക്കപ്പെട്ടവയ്ക്ക് കൃത്യമായ കണക്കുതന്നെയില്ല. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 744 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 691 പേര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇത്രയും കുറ്റവാളികള്‍ കാക്കിക്കുള്ളിലുണ്ടായിട്ടും 18 പേരെ മാത്രമാണ് സര്‍വിസില്‍ നിന്ന് പുറത്താക്കിയത്.

ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരെപ്പോലും സംരക്ഷിക്കുന്ന വ്യവസ്ഥിതിയാണ് ഇവിടെയുള്ളതെന്ന ആരോപണം വളരെ ശക്തമാണ്. പൊലിസ് സേനയില്‍ തെറ്റു ചെയ്താല്‍ അവരെ സംരക്ഷിക്കുന്നു. ഏതറ്റംവരേയും അവര്‍ക്കു കുടപിടിക്കുന്നു. പിങ്ക് പൊലിസ് ഉദ്യോഗസ്ഥ മുതല്‍ ആലുവയിലെ സി.ഐയുടെ കാര്യത്തില്‍ പോലും വ്യക്തമാകുന്നത് ഇതുതന്നെ. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
നിയമസഭയില്‍ കെ.കെ രമയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയത്. ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് മറുപടി നല്‍കി. ആലുവ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പലതവണ കൃത്യവിലോപം നടത്തിയിട്ടും സ്ഥലം മാറ്റം പോലെ നിസാര നടപടികളാണ് ഇയാള്‍ക്കെതിരെ സ്വീകരിച്ചത്.

ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആരോപണവിധേയനായ സി.ഐ സുധീറിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ വീഴ്ചകള്‍ തുടര്‍ക്കഥയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ഈ സാഹചര്യത്തില്‍ വീണ്ടും കുറ്റവാളിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നാല്‍ പൊലിസ് സേനക്കുതന്നെ നാണക്കേടാവുമെന്ന തിരിച്ചറിവില്‍ നിന്നു കൂടിയാണ് അദ്ദേഹത്തെ വെള്ളപൂശുന്ന ഒറു റിപ്പോര്‍ട്ട് ഇപ്പോള്‍ ഡി.ഐ.ജി പുറത്തുവിട്ടിരിക്കുന്നത്.
ആലുവ സി.ഐ സുധീറിനെതിരെ മറ്റൊരു യുവതികൂടി കടുത്ത ആരോപണവുമായി രംഗത്തെത്തിയത് ഇന്നലെയാണ്. വെറും 50,000 രൂപയ്ക്ക് സി.ഐ തന്റെ ജീവിതം നശിപ്പിച്ചു. ഭര്‍ത്താവില്‍ നിന്ന് പണം വാങ്ങി തന്നെ മാനസിക രോഗിയായി ചിത്രീകരിച്ചു. വേശ്യയെന്ന് പരസ്യമായി വിളിച്ചു. ഇന്ന് മോഫിയയാണെങ്കില്‍ നാളെ തന്റെ പേരും ആ സ്ഥാനത്ത് കേള്‍ക്കേണ്ടി വരുമെന്നും യുവതി മുന്നറിയിപ്പ് നല്‍കിയിരുന്നു

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ആലുവ പോലിസ് സ്റ്റേഷനിലെത്തിയ തന്റെ പരാതി സ്വീകരിക്കാന്‍ പോലും സി.ഐ തയ്യാറായില്ല, ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഏഴ് ദിവസമാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നും യുവതി വ്യക്തമാക്കി. പണത്തിനുവേണ്ടി മാത്രമാണ് സുധീര്‍ ജീവിക്കുന്നത് എന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അതെ സമയം അഞ്ചല്‍ ഉത്രാവധക്കേസിലും ഇടമുളയ്ക്കലിലെ ദമ്പതികളുടെ മരണത്തിലും സി.ഐ സി.എല്‍ സുധീറിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നേരിട്ടയാള്‍ കൂടിയാണ് ഇദ്ദേഹം.
കൊല്ലം ഉത്ര വധക്കേസ ഉള്‍പ്പെടെയുള്ള കേസുകളില്‍ വീഴ്ച വരുത്തിയതിനാണ് സി.ഐ സി.എല്‍ സുധീറിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണവും നടത്തിയിട്ടുണ്ട്.
ഈ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ വീഴ്ച വരുത്തിയതായി എസ്.പി ഹരിശങ്കറാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19നാണ് കേസില്‍ സുധീറിനെതിരായ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായത്.

നേരത്തെ 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലിലെ ദമ്പതിമാരുടെ മരണത്തിലും സി.എല്‍ സുധീര്‍ വിചിത്ര നടപടി സ്വീകരിച്ചത് വിവാദമായിരുന്നു. ദമ്പതികളുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ തന്റെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതാണ് സംഭവം. തുടര്‍ന്ന് സുധീറിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്.

ആരോപണത്തിന് പിന്നാലെ കേസന്വേഷണത്തില്‍ നിന്നും സ്റ്റേഷന്‍ ചുമതലയില്‍ നിന്നും സി.ഐ സുധീറിനെ ജില്ലാ പൊലിസ് മേധാവി മാറ്റിയെന്ന് പുറമേക്കു പറഞ്ഞുവെങ്കിലും അക്കാര്യത്തിലും പൊലിസ് ഒളിച്ചുകളി തുടര്‍ന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെമാത്രമാണ് ഇയാളെ പൊലിസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.