2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

റിയല്‍ ചങ്കന്‍ കന്നഡിഗ


പെട്ടിയില്‍ വീണ വോട്ടിന്റെ മുക്കാലും തന്റെ പേരിലേക്ക് രേഖപ്പെടുത്തിയാണ് കനകപുരയില്‍ നിന്ന് കര്‍ണാടക അസംബ്ലിയിലേക്ക് ഇക്കുറി ദൊഡലഹള്ളി കെംപഗൗഡ ശിവകുമാര്‍ എന്ന ഡി.കെ എത്തുന്നത്. തന്റെ ലക്ഷ്യം കര്‍ണാടക മുഖ്യമന്ത്രി പദം തന്നെയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ തന്റെ അവസരം വരും വരെ കാത്തിരിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. ദലിത് അടക്കം എല്ലാ സമുദായങ്ങളുടെയും അവസരം കഴിഞ്ഞിട്ടുമതി, പക്ഷെ കിട്ടണം എന്ന് മറയില്ലാതെ വിളിച്ചുപറഞ്ഞിട്ടുണ്ട്.


ഇക്കുറി കര്‍ണാടകയില്‍ ബി.ജെ.പിയുടെ ഇരട്ടി സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കയറുമ്പോള്‍ മുഖ്യമന്ത്രി പദത്തിന് അര്‍ഹന്‍ ഡി.കെ തന്നെയാണ്. പ്രായത്തിന്റെ ഒരേയൊരു ഘടകം എടുത്തു പറഞ്ഞാണ് സൂത്രശാലിയായ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്.


ഗുജറാത്തില്‍ നിന്നുള്ള 42 കോണ്‍ഗ്രസ് എം.എല്‍.എമാരെ അമിത്ഷാ റാഞ്ചിയെടുക്കാതിരിക്കാതെ രാജ്യസഭാ വോട്ടെടുപ്പിന് എത്തിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് ഡി.കെയെയാണ്. ബംഗളൂരുവിന് സമീപത്തെ തന്റെ റിസോര്‍ട്ടിലാണ് അവരെ താമസിപ്പിച്ചിരിക്കുന്നത്. ആ റിസോര്‍ട്ടിലേക്കാണ് ആദായനികുതിയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റേയും ഉദ്യോഗസ്ഥര്‍ കടന്നു വരുന്നത്. ഡി.കെയുടെ അധീനതയിലുള്ള 67 കേന്ദ്രങ്ങളില്‍ 300 ജീവനക്കാരാണ് എട്ട് മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയത്. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. തിഹാര്‍ ജയിലിലെ 50 ദിവസത്തെ വാസത്തിന് ശേഷമാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഡി.കെ ഏറ്റെടുത്തത്. അന്ന് അദ്ദേഹം കുറിച്ചുവച്ച ദിവസമായിരുന്നു 2023ലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം. 10 ദിവസം തുടര്‍ച്ചയായി നരേന്ദ്രമോദിയും അമിത്ഷായും കാടിളക്കി കാടന്‍ പ്രചാരണം നടത്തിയിട്ടാണ് ഈ വലിയ തോല്‍വിയിലേക്ക് ബി.ജെ.പി കൂപ്പു കുത്തിയത്.


സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം തന്റെ പേര്‍ക്ക് രേഖപ്പെടുത്തിയാണിക്കുറിയിലെ കനകപുരയില്‍ നിന്നുള്ള ഡി.കെയുടെ വരവ്. 122392 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് പോള്‍ ചെയ്ത വോട്ടിന്റെ 75.03 ശതമാനവും കൈപത്തിക്ക്. ബി.ജെ.പി, ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ക്ക് 10 ശതമാനം വീതം.
25ാം വയസില്‍ സാത്തനൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ തോറ്റതൊഴിച്ചാല്‍ ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചിട്ടേയുള്ളൂ. 1989 മുതല്‍ 2004ലെ മണ്ഡലം പുനര്‍നിര്‍ണയം വരെ സാത്തനൂരില്‍. 89ല്‍ ഭൂരിപക്ഷം 14,000 ഉണ്ടായിരുന്നത് 1994ല്‍ 1500 ആയി ചുരുങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടേയില്ല. ജനതാ പരിവാര്‍ സ്ഥാനാര്‍ഥികള്‍ പതിവായി ജയിച്ച കനകപുരയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 3,000 ആയിരുന്നു. 2013ല്‍ ഭൂരിപക്ഷം 31,424, 2018ല്‍ 79,909 എന്നിങ്ങനെ വര്‍ധിച്ചു. നിയമസഭാ മണ്ഡലത്തില്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചവര്‍ രാജ്യത്ത് കുറവാണ്. സാത്തനൂരില്‍ ഡി.കെയോട് തോറ്റവരില്‍ ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയും ഉണ്ട്.


വൊക്കലിംഗ സമുദായക്കാരനായ ഡി.കെ മധ്യവര്‍ഗ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് കോണ്‍ഗ്രസുകാരനായി മാത്രം. പഠിക്കുന്ന കാലം മുതല്‍ പൊതു പ്രവര്‍ത്തകനാണ്. കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എല്‍.എയായ ആദ്യ ടേമില്‍ തന്നെ മന്ത്രിയാവാന്‍ അവസരം കിട്ടിയ ഡി.കെ പിന്നീട് പല തവണ മന്ത്രിയായി.


കര്‍ണാടക കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരിക്കെയാണ് 2018ലെ തെരഞ്ഞെടുപ്പ്. ഫലം വന്നപ്പോള്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ല. ഉടനെ തന്നെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് ജെ.ഡി.എസ് മന്ത്രിസഭ രൂപവല്‍ക്കരിച്ചു. ഭൂരിപക്ഷമില്ലെന്ന് ഉറപ്പായിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി പ്രതിജ്ഞ ചൊല്ലിയെങ്കിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് അംഗങ്ങളെ ഡി.കെ ഹൈദരാബാദിലേക്ക് മാറ്റി. യെദ്യൂരപ്പ രണ്ടു ദിവസത്തിനകം രാജിവച്ച് കുമാരസ്വാമിക്ക് ഒഴിഞ്ഞുകൊടുത്തു. പക്ഷെ അധികം കഴിയും മുമ്പെ 17 കോണ്‍ഗ്രസ്, ജെ.ഡി.എസ് നിയമസഭാംഗങ്ങളെ ബി.ജെ.പി വിലക്കെടുത്തു. മന്ത്രിസഭ വീണു. 17 ഇടത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 15 ഇടത്തും ബി.ജെ.പി ജയിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു രാജിവച്ചു. ഡി.കെ ആ വെല്ലുവിളി ഏറ്റെടുത്തു. മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭ വിശ്വാസ വോട്ട് നേരിട്ടയപ്പോഴും എം.എല്‍.എമാരെ മുംബൈയില്‍ നിന്ന് ബംഗളൂരുവിലെ ഡി.കെയുടെ റിസോര്‍ട്ടിലെത്തിച്ചു വിശ്വാസ വോട്ട് നേടുകയും ചെയ്തു. ഗുജറാത്ത് ഓപറേഷനിലും വിജയം ഉണ്ടായി. അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗമായി.


2018ല്‍ ഡി.കെയുടെ സമ്പത്ത് 840 കോടി രൂപയാണ്. അതുകൊണ്ടു തന്നെ പണം കൊണ്ട് ഡി.കെയെ കീഴടക്കാനാവില്ല. 500 കോടി തരാമെന്ന് പറഞ്ഞ ബി.ജെ.പിക്കാരോട് 600 കോടി തന്നാല്‍ എന്റെ ചെരുപ്പ് തന്നയക്കാമെന്ന് ഡി.കെ പറഞ്ഞതായി ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ അത്ഭുതപ്പെടാനില്ല. പഠനം ഇടയ്ക്ക് മുറിഞ്ഞുപോയ ഡി.കെ ഡിഗ്രി എഴുതിയെടുക്കുന്നത് 2000ല്‍ മന്ത്രിയായിരിക്കെയാണ്. ഇപ്പോള്‍ രാഷ്ട്ര മീമാംസയില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. ഡി.കെയുടെ ചങ്ക് പാണന്‍മാരുടെ വാഴ്ത്തുപാട്ടിലല്ല. ബി.ജെ.പിയെ അതിന്റെ ശക്തി കേന്ദ്രത്തിലിട്ട് തല്ലുന്നതിലാണ്. ഡി.കെ കന്നഡികരുടെ ചങ്കാണ്. ദക്ഷിണേന്ത്യയെ കാവിയില്‍ നിന്ന് മോചിപ്പിച്ച ഇരട്ടച്ചങ്കനും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.