കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച് സി.പി.എം തില്ലങ്കേരി ലോക്കല്‍ സെക്രട്ടറി ഷാജി. ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെയി തില്ലങ്കേരിയില്‍ വിളിച്ച സി.പി.എമ്മിന്റെ പൊതുയോഗത്തിലായിരുന്നു തില്ലങ്കേരിക്ക് പുറത്ത് പാര്‍ട്ടി എന്തെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ ആകാശ് പറയണമെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ നാട്ടുകാരോട് പാര്‍ട്ടി മാപ്പ് ചോദിക്കുമെന്നും ഷാജി പറഞ്ഞത്.
ഒരിക്കല്‍ പോലും ആകാശ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്ന് അനാവശ്യ കുഴപ്പങ്ങളുണ്ടാക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. ആകാശിന്റെ പിതാവ് വഞ്ഞേരി രവിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം യോഗത്തില്‍ പി.ജയരാജനും ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞു. തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശിന്റേതും കൂട്ടരുടേതുമല്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിക്ക് കരുത്തുണ്ടെന്നും പി.ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയുടെ പാരമ്പര്യം രക്തസാക്ഷികളുടേതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ആകാശാണ് പാര്‍ട്ടി മുഖമെന്ന് വരുത്തി തീര്‍ക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെങ്കില്‍ അത് അഭിമുഖീകരിക്കും. സിപി.എം ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല. ക്വട്ടേഷന്‍കാരുടെ സഹായവും സേവനവും സി.പി.എമ്മിന് വേണ്ട. ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് താന്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ്. ഷുഹൈബ് വധക്കേസില്‍ പ്രതികളായ എല്ലാവരെയും പാര്‍ട്ടി പുറത്താക്കിയതാണെന്നും വധത്തെ സിപിഐഎം നേരത്തെ തള്ളിപ്പറഞ്ഞതാണെന്നും പി ജയരാജന്‍ വ്യക്തമാക്കി.
ആകാശും സുഹൃത്തുക്കളും ഉയര്‍ത്തിയ വെളിപ്പെടുത്തലുകളുടെയും പ്രാദേശിക നേതൃത്വവുമായി ഉടലെടുത്ത സാമൂഹിക മാധ്യമത്തിലെ വാഗ്വാദങ്ങടെയും സാഹചര്യത്തിലാണ് പൊതുയോഗം.
Comments are closed for this post.