2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കൈയ്യിലല്ല, ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കേണ്ടെന്നും മുഖ്യമന്ത്രി

ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കൈയ്യിലല്ല, ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കൈയ്യിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ പറയുന്നത് ഒരു പ്രത്യേക മാനസികനിലയാണ്. അപഹസിക്കുന്ന രീതിയില്‍ എന്തും ഉന്നയിക്കാം എന്ന മാനസിക നിലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് ചെയ്തു വരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണ്, അതിനെ പര്‍വതീകരിച്ച് കേരളത്തില്‍ ആകെ ഉണ്ടാകുന്നത് എന്ന നില ഉണ്ടാക്കേണ്ടതില്ല. ആഭ്യന്തരവകുപ്പിനെ നയിക്കുന്നത് ഗൂഢസംഘം എന്ന ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണ്, ഏത് ഗൂഢസംഘമാണ് നയിക്കുന്നത് മുഖ്യമന്ത്രി ചോദിച്ചു. അവരവര്‍ക്കുള്ള രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി നാടിനെയാകെ അപഹസിക്കാനും അഭിമാനകരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം

ആലുവ സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ കേസെടുത്തെന്നും അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തിരൂരങ്ങാടിയില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലും പ്രതിക്കെതിരെ പോക്‌സോ വകുപ്പുകളടക്കം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ അര്‍ത്തുങ്കലില്‍ 15കാരിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതി അറസ്റ്റ് ചെയ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംഭവങ്ങളിലും പൊലീസ് കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സമയബന്ധിതമായി പ്രതികളെ പിടികൂടുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

   

അന്‍വര്‍ സാദത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുടെ പൂര്‍ണ്ണരൂപം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്രമണങ്ങളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണ്.

എറണാകുളം ആലുവയില്‍ ബീഹാര്‍ സ്വദേശികളുടെ വീട്ടില്‍ 07.09.2023 വെളുപ്പിന് അതിക്രമിച്ചു കയറി 8 വയസ്സുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയെ കാണാനില്ല എന്ന അച്ഛന്റെ ജേഷ്ഠന്റെ പരാതിയെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലീസ് അന്വേഷിച്ച് സത്വര നടപടി സ്വീകരിച്ചിട്ടുള്ളതാണ്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ IPC 450, 363, 366A, 376AB, 380, പോക്‌സോ നിയമത്തിലെ 3, 4(2), 5A(i), 5m എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം. 867/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിലേക്കായി CCTV ക്യാമറകള്‍ പരിശോധിച്ചും പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ അന്നുതന്നെ വൈകുന്നേരം 5 മണിയോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമാണ്.

03.08.2023ന് തിരൂരങ്ങാടിയില്‍ മധ്യപ്രദേശ് സ്വദേശിയുടെ 4 വയസുള്ള പെണ്‍കുട്ടിയെ സമീപത്ത് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ ക്രൈം. 763/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, പ്രതിയെ 04.08.2023 ന് അറസ്റ്റ് ചെയ്ത് തെളിവുകള്‍ ശേഖരിച്ച് റിമാന്റില്‍ പാര്‍പ്പിച്ചിട്ടുള്ളതുമാണ്.

23.08.23 ന് ആലപ്പുഴ അര്‍ത്തുങ്കലില്‍ അറഫുള്‍ ഇസ്ലാം എന്നയാള്‍ 15 വയസ്സുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രൈം.748/23 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുളളതാണ്.

ഈ പറഞ്ഞ എല്ലാ സംഭവങ്ങളിലും പോലീസ് കുറ്റമറ്റ അന്വേഷണം നടത്തുകയും പ്രതികളെ അതിവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായ ഏതൊരു അവസരത്തിലും പോലീസ് ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ട്. പ്രതികളെ സമയബന്ധിതമായിത്തന്നെ പിടികൂടിയിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ രണ്ടാം മറുപടിയില്‍ നിന്നും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോര്‍ഡുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കില്‍ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാകണം. വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം നാടിന്റെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്.

ആലുവ സംഭവത്തില്‍ ഉണ്ടായ അനുഭവം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പോലീസിനു സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂര്‍ സ്വദേശി ജി. മുരുകന്‍, തുരുത്ത് സ്വദേശി വി.കെ. ജോഷി എന്നിവര്‍.

സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരമൊരു കേന്ദ്രമാണ് ആലുവയില്‍ മേല്‍കുറ്റകൃത്യം നടന്ന സ്ഥലം. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പോലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പോലീസിനു വേണ്ടതുണ്ട്.

ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചില പരിമിതികള്‍ പോലീസ് നേരിടുന്നുണ്ട്.

തൊഴില്‍ദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നല്‍കുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് ‘അതിഥി’ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

അതിഥിത്തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്ന് ശേഖരിക്കണമെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിഥിത്തൊഴിലാളികളുടെ വിവരങ്ങളും, അവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെയും, ആരുടെ കീഴിലാണ് ജോലി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും പോലീസ് സ്റ്റേഷനുകളിലെ മൈഗ്രന്റ് ലേബര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ട്.

അതിഥിത്തൊഴിലാളികളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി ശേഖരിക്കുന്നതിന് ഐ ജി തലംവരെയുള്ള എല്ലാ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുട്ടികള്‍ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും യഥാസമയം പ്രതികരിക്കുന്നതിനും അവരെ സജ്ജമാക്കുന്നതിനുമായി ജനമൈത്രി പോലീസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ തന്നെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി ‘നിഴല്‍’ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സഭയില്‍ നല്‍കിയിട്ടുണ്ട്.

പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികള്‍ക്കു പുറമെ 56 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ 54 എണ്ണത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കല്‍ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു.

ജില്ലാതലത്തില്‍ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആവര്‍ത്തിച്ചു വ്യക്തമാക്കട്ടെ; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാല്‍പ്പോലും അവയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നടപടി സ്വീകരിച്ചു എന്നതുകൊണ്ട് സര്‍ക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് കരുതുന്നില്ല. ഇത്തരം ഏതു വിഷയമുണ്ടായാലും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് അവയെ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം, പോലീസിനു സഹായം നല്‍കുകയും വേണം എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.