റിയാദ്: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാക്കി സഊദി അറേബ്യ. 2021-ൽ മന്ത്രിസഭ അംഗീകരിച്ച നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് ഡാറ്റ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നിയമം ഇപ്പോൾ നടപ്പിലാക്കാൻ ഭരണകൂടം തീരുമാനിച്ചത്. വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ തുടങ്ങിയ കൈമാറുന്നതും പുറത്തുവിടുന്നതും നശിപ്പിക്കുന്നതും ഡാറ്റ പ്രൊട്ടക്ഷൻ നിയമ പ്രകാരം ക്രിമിനൽ കുറ്റമാകും.
ഇവന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ആളുകളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ തുടങ്ങിയ ശേഖരിക്കാറുണ്ട്. ഇത് പുറത്തുവിടുന്നത് കുറ്റകരമാകും. അതുപോലെ പാർട്ടികൾ, ഇവന്റുകൾ, സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളിൽ ഫോട്ടോയും ദൃശ്യങ്ങളും പകർത്താറുണ്ട്. ഇത് പുറത്തുവിടുന്നതും കുറ്റകരമാണ്. മാളുകൾ, മറ്റിടങ്ങൾ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടുന്നതും കുറ്റമാണ്.
സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ബാങ്കുകളിൽ സൂക്ഷിച്ചിരുക്കുന്ന അക്കൗണ്ട്, ക്രഡിറ്റ് വിവരങ്ങൾ എന്നിവ കൈമാറുക, ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്കും മറ്റും കൈമാറുക, പൊലിസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാണ്. പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ പുറത്തുവിട്ടാലും ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരും.
കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക. സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറ്റിയുമായി ചേർന്നാണ് ഡാറ്റ പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കുന്നത്. 2021 സെപ്തംബറിലാണ് മന്ത്രിസഭ ഡാറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നൽകിയത്.
Comments are closed for this post.