തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതായി സൂചന. സ്ഥാനത്തു നിന്ന് അദ്ദേഹം രാജി വെക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. നാളെ രാജി സമര്‍പ്പിച്ചേക്കും. ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കേയാണ് രാജി. വകുപ്പുമന്ത്രി അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. അതേസമയം, ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം തന്നെ വാര്‍ത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വി. അബ്ദുറഹിമാനുമായുള്ള ശീതയുദ്ധത്തിനൊടുവില്‍ സി.പി.എം. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹംസ രാജിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മന്ത്രിയുടെ ഇടപെടലുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് നേതൃത്വത്തെ സമീപിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി കൈവിടുകയായിരുന്നുവെന്നും സൂചനയുണ്ട്. മുതിര്‍ന്നനേതാവായ ഹംസയ്ക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമത്തര്‍ക്കം ബോര്‍ഡില്‍ പ്രതിസന്ധിയുണ്ടാക്കുന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുകാണിച്ച് അംഗങ്ങളായ എം.സി. മായിന്‍ഹാജി, പി. ഉബൈദുള്ള എം.എല്‍.എ., പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്ത് പരിഗണിച്ച് ഓഗസ്റ്റ് ഒന്നിന് ബോര്‍ഡ് യോഗംചേരുന്നുണ്ട്. ഇതിനുമുമ്പ് ചെയര്‍മാന്റെ രാജിയുണ്ടാവുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേര്‍ത്തയോഗങ്ങളില്‍ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. യോഗത്തില്‍ പങ്കെടുക്കാത്തത് ഗുരുതരമായ കൃത്യവിലോപമായി കാണുന്നുവെന്ന പരാമര്‍ശമുള്ള യോഗത്തിന്റെ മിനുട്‌സും ഇതിനിടെ പുറത്തുവന്നു. വഖഫ് നിയമനം പി.എസ്.സി.ക്ക് വിട്ട തീരുമാനം ദുര്‍ബലപ്പെടുത്തിയതിനുശേഷം പുതിയ നിയമം രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തനം നടത്താത്തത് വഖഫ് ബോര്‍ഡിന്റെ വീഴ്ചയാണെന്നും മിനുട്‌സില്‍ പറയുന്നുണ്ട്.
Comments are closed for this post.