2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പൊതുപ്രവര്‍ത്തകരായ അഴിമതിക്കാരെ ശിക്ഷിക്കാന്‍ നേരിട്ടുള്ള തെളിവ് വേണ്ട, സാഹചര്യത്തെളിവുകള്‍ മതി: സുപ്രിംകോടതി

 

ന്യൂഡല്‍ഹി: കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയോ സ്വീകരിക്കുന്നതിന്റെയോ നേരിട്ടുള്ള തെളിവുകളില്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതിതടയല്‍ നിയമപ്രകാരം പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാമെന്ന് സുപ്രിംകോടതി.
വിചാരണഘട്ടത്തില്‍ പരാതിക്കാരന്‍ മരിച്ചുപോകുകയോ കൂറുമാറുകയോ മറ്റു കാരണങ്ങള്‍കൊണ്ട് നേരിട്ടുള്ള തെളിവ് ലഭ്യമാകാതെ പോകുകയോ ചെയ്താല്‍ പോലും ശിക്ഷിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ സാഹചര്യത്തെളിവുകള്‍ സുപ്രധാനമാണ്. അടിസ്ഥാന വസ്തുതകള്‍ തെളിയിക്കപ്പെട്ടാല്‍ സാഹചര്യത്തെളിവുകള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. സുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം 23ന് വാദം പൂര്‍ത്തിയാക്കി മാറ്റിവച്ച കേസിലാണ് വിധി പ്രസ്താവിച്ചത്. ബി.വി നാഗരത്‌ന എഴുതിയ വിധിപ്രസ്താവത്തോട് ബെഞ്ചിലെ ശേഷിക്കുന്ന അംഗങ്ങള്‍ യോജിക്കുകയായിരുന്നു. സാഹചര്യത്തെളിവുകള്‍ പരിഗണിക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ ആദ്യം കുറ്റം നടന്നുവെന്ന് തെളിയിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കുറ്റക്കാരെ കണ്ടെത്തുന്നതിന് നേരിട്ടുള്ള തെളിവുകളില്ലെങ്കില്‍ സാഹചര്യത്തെളിവുകളിലേക്ക് പോകാം. സാക്ഷികള്‍ നല്‍കുന്ന മൊഴിയും സാഹചര്യത്തെളിവായി പരിഗണിക്കാം. വിചാരണ വേളയില്‍ പരാതിക്കാന്‍ മരണപ്പെടുകയോ കൂറുമാറുകയോ ചെയ്താല്‍ കൈക്കൂലി ആവശ്യപ്പെട്ടതിന്റെ തെളിവ് വീണ്ടും സമര്‍പ്പിക്കുന്നതിന് മറ്റേതെങ്കിലും സാക്ഷിയുടെ മൊഴിയിലൂടെ കഴിയും. പൊതുപ്രവര്‍ത്തകന്‍ ആവശ്യപ്പെടാതെ പണം വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് സ്വീകരിക്കുകയും ചെയ്താലും നിയമവിരുദ്ധമായ പ്രതിഫലം സ്വീകരിക്കലാണ്.

പൊതുപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ട ശേഷം കൈക്കൂലി ലഭിച്ചാല്‍ നിയമത്തിലെ സെക് ഷന്‍ എസ് 13(1)(ഡി)(ഒന്ന്), (രണ്ട്) എന്നിവ പ്രകാരം ശിക്ഷിക്കാം. രണ്ട് സാഹചര്യങ്ങളിലും വസ്തുതകള്‍ പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. 2019ലാണ് ഇതുസംബന്ധിച്ച വിഷയം സുപ്രിംകോടതി രണ്ടംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുന്നത്.

Direct Evidence Of Bribe Demand Not Necessary To Convict Public Servant Under Prevention Of Corruption Act says Supreme Court


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.