2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വര്‍ണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന് പറഞ്ഞ്, എത്തിയത് അറ്റാഷെയുടെ പേരില്‍: റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതിയുടെ മൊഴി

 

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സരിത്തിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ഭക്ഷ്യവസ്തുക്കളാണെന്ന വ്യാജേനയാണ് സ്വര്‍ണം കടത്തിയത്.

യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം എത്തിയത്. ദുബായിലെ കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ മൊഴി നല്‍കി.

കള്ളക്കടത്തിന് തനിക്കോ യു.എ.ഇ കോണ്‍സുലേറ്റിനോ ബന്ധമില്ലെന്നും ഇന്ത്യക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പി.ആര്‍.ഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കള്ളക്കടത്ത് നടന്നതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. സരിത്തിന് ഇടപാടില്‍ വലിയ പങ്കുണ്ടെന്നും സരിത്തിന്റെ ഇടപാടുകള്‍ പലതും നിയമ വിരുദ്ധമാണെന്നും കസ്റ്റംസ് പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കസ്റ്റംസ്, കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടും ദുരൂഹമാണെന്നും വ്യക്തമാക്കുന്നു.

കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. യു.എ.ഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിങ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

അതേസമയം, ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണമെത്തിച്ചതെന്നും കടത്തിയ സ്വര്‍ണം ആര്‍ക്കാണ് നല്‍കിയതെന്നും വ്യക്തമായിട്ടില്ല. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഓഫിസിലെത്തിച്ചാണ് ഇന്നലെ സരിത്തിനെ ചോദ്യം ചെയ്തത്. കൊവിഡ് കാലത്ത് മൂന്ന് തവണ പാഴ്സല്‍ കൈപ്പറ്റിയതായും സരിത് വെളിപ്പെടുത്തിയിട്ടുണ്ട്. 15 മുതല്‍ 25 ലക്ഷം രൂപ വരെ കമ്മിഷന്‍ വാങ്ങിയായിരുന്നു സ്വര്‍ണക്കടത്ത്.

തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ മുഖ്യ ആസൂത്രകയായ, യു.എ.ഇ കോണ്‍സുലേറ്റിന്റെ മുന്‍ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പില്‍ ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിനായി തെരച്ചില്‍ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഐ.ടി സെക്രട്ടറി ശിവശങ്കര്‍ സ്വപ്നയുടെ ഫ്ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.