ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചുനക്കര വില്ലേജിൽ നടുവിലെ മുറിയിൽ രാജീവ് ഭവനത്തിൽ രാജീവിനെ (46) യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയായിക്കിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
11 മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ ബലാൽക്കാരം ചെയ്യുകയായിരുന്നു. ഈ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഭീഷണിയെത്തുടർന്ന് വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. മാസങ്ങൾ കഴിഞ്ഞു വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടിക്ക് മനസിലായത്. ഇതിനിടെ പ്രതി വീണ്ടും വന്ന് ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് പെൺകുട്ടി വീട്ടുകാരെയും വിവരം അറിയിച്ചില്ല.
എന്നാല്‍ വയറുവേദന കലശലായതിനെ തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ശേഷം ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പ്രതിയെ കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തി നൽകാൻ സംസാര ശേഷിയില്ലാത്തതിനാൽ സാധിച്ചില്ല. ഇതേതുടർന്ന് കുടുംബം നൂറനാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. പൊലിസ് കുട്ടിയിൽ നിന്നും വിവരം അറിയാൻ വിദഗ്ധരുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേതുടർന്ന് വ്യാപകമായ അന്വേഷണം തന്നെ പൊലീസ് നടത്തി. ഈ അന്വേഷണമാണ് പൊലീസിന് പ്രതിയിലേക്കുള്ള ദൂരം കുറച്ചത്. എന്നാൽ ആദ്യം പ്രതി സംഭവം വിസമ്മതിക്കുകയായിരുന്നു. തുടർന്ന് രാജീവന്‍റെ ഫോട്ടോ പെൺകുട്ടിയെ കാണിച്ചതോടെ കേസില്‍ വഴിത്തിരിവായി. എന്നാലും പൂര്‍ണമായ തിരിച്ചറിയാൻ പെണ്‍കുട്ടിക്ക് സാധിച്ചില്ല. ഇതിനിടെ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ശേഷം, പെൺകുട്ടിയുടെയും കുഞ്ഞിന്‍റെയും രാജീവന്‍റെയും രക്ത സാമ്പിളുകൾ ശേഖരിച്ചു ഡി.എൻ.എ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രക്തസാമ്പിളുകൾ പരിശോധിച്ച ശേഷമുള്ള ഡി.എൻ.എ പരിശോധനാ ഫലത്തിൽ നിന്ന് രാജീവ് തന്നെയാണ് കുഞ്ഞിന്‍റെ പിതാവെന്ന് വ്യക്തമായി.
തുടർന്ന് പ്രതിയായ രാജീവിനെ കഴിഞ്ഞ ദിവസം നൂറനാട് സി.ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments are closed for this post.