പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
രോഗനിര്‍ണയം
TAGS
ട്രെഡ് മില്‍ ടെസ്റ്റ്
ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത മനസിലാക്കാനും ഭാവിയിലെ ഹൃദ്രോഗ സാധ്യത കണക്കാക്കാനുമുള്ള പരിശോധനയാണ് ട്രെഡ് മില്‍ ടെസ്റ്റ്. കാര്‍ഡിയാക് സ്ട്രസ് ടെസ്റ്റ് എന്നപേരിലും അറിയപ്പെടുന്നു. നാല്‍പ്പതു വയസിനു മുകളിലുള്ളവര്‍നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണിതെന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രെഡ് മില്‍ എന്ന ഉപകരണത്തില്‍ക്കൂടി നടക്കുമ്പോള്‍ ഇ.സി.ജി രേഖപ്പെടുത്തുന്ന രീതിയാണിത്. ആദ്യം വിശ്രമാവസ്ഥയിലും പിന്നീട് വ്യായാമ സമയത്തുമാണ് ഇ.സി.ജി രേഖപ്പെടുത്തുക. പിന്നീട് ഇവ കംപ്യൂട്ടറില്‍ ക്രോഡീകരിച്ച് ഗ്രാഫ് രൂപത്തിലാക്കുന്നു.
പോളിസോംനോഗ്രാഫി
രോഗിയുടെ ഉറക്കത്തെക്കുറിച്ച് പഠനം നടത്തേണ്ട ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്ന പരിശോധനയാണ് പോളിസോംനോഗ്രാഫി.
മാന്റോ ടെസ്റ്റ്
ക്ഷയ രോഗബാധ നേരത്തെയറിയാനാണ് ഈ ടെസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. തൊലിയില്‍ പി.പി.ഡി. ട്യൂബര്‍ക്കുലിന്‍ സൊല്യൂഷന്‍ കുത്തിവച്ച് രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടു കൂടി പരിശോധനഫലം തൊലിപ്പുറത്ത് കാണാനാകുന്നു.
എന്‍ഡോസ്‌കോപ്പി
ആന്തരാവയവങ്ങളുടെ ഉള്‍ഭാഗം പരിശോധിക്കാനുപയോഗിക്കുന്ന വിദ്യയാണ് എന്‍ഡോസ്‌കോപ്പി. ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഉപകരണമാണ് എന്‍ഡോസ്‌കോപ്പ്. ആമാശയരോഗങ്ങളെ കണ്ടെത്താന്‍ ഗാസ്‌ട്രോസ്‌കോപ്പ്. അന്നപഥത്തിലെ ഇസോഫാഗസിലെ രോഗ നിര്‍ണയത്തിനു വേണ്ടി ഇസോഫാഗൊസ്‌കോപ്പ്. ശ്വസനവ്യൂഹങ്ങളെ നിരീക്ഷിച്ച് രോഗപരിശോധന സാധ്യമാക്കുന്നവയാണ് ബ്രോങ്കോസ്‌കോപ്പ്. ശ്വസനവ്യൂഹത്തിലെ ട്രക്കിയ , ബ്രോങ്കസ് എന്നിവ ബ്രോങ്കോസ്‌കോപ്പ് വഴി പരിശോധിക്കാം. ശബ്ദ തരംഗങ്ങളെ സൃഷ്ടിക്കുന്ന ലാറിന്‍ഗിസ് പരിശോധിക്കാന്‍ ലാറിന്‍ഗിസ്‌കോപ്പ് ഉപയോഗപ്പെടുത്തുന്നു. മൂത്രാശയം, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി എന്നിവയുടെ പരിശോധനയ്ക്ക് സിസ്‌റ്റോസ്‌കോപ്പ് ഉപയോഗിക്കുന്നു.
എക്കോ
കാര്‍ഡിയോഗ്രാം
ജന്മനാലുള്ള ഹൃദയവൈകല്യങ്ങളെയും ഹൃദ്രോഗാവസ്ഥയും ഈ പരിശോധന വഴി സാധ്യമാക്കാം. ഹൃദ്രോഗനിര്‍ണയത്തിന് അത്യന്താപേക്ഷിതമാണ് ഈ പരിശോധന. ഹൃദയ പ്രവര്‍ത്തനങ്ങളുടെ ത്രിമാന ദൃശ്യങ്ങള്‍ തല്‍സമയം കാണാനും ഈ ടെസ്റ്റിലൂടെ സാധ്യമാകുന്നു.
അള്‍ട്രാസൗണ്ട്
ശരീരത്തിലെ ദ്രാവകങ്ങള്‍, ലഘുകോശങ്ങള്‍ എന്നിവയിലൂടെ എളുപ്പത്തില്‍ കടന്നുപോകുന്ന അള്‍ട്രാസൗണ്ട് തരംഗങ്ങള്‍ സാന്ദ്രതയേറിയ കോശങ്ങളില്‍ തട്ടി പ്രതിഫലനത്തിന് വിധേയമാകുന്നു. ഈ പ്രതിഫലനഫലമായി സൃഷ്ടിച്ചെടുക്കുന്ന ദ്വിമാന ത്രിമാന ചിത്രങ്ങള്‍ രോഗനിര്‍ണയത്തിന് ഉപയുക്തമാക്കാം. അള്‍ട്രാസോണോഗ്രാഫി എന്നും ഈ ടെസ്റ്റിന് പേരുണ്ട്. ഇവയുപയോഗിച്ചുള്ള പരിശോധനാഫലമാണ് സോണോഗ്രാം. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാനിര്‍ണയത്തിന്, അപ്പെന്‍ഡിസ് പോലെയുള്ള ഉദരാവയവങ്ങളുടെ പരിശോധനയ്ക്ക്, അനസ്തീഷ്യ സംബന്ധമായുള്ള ആവശ്യങ്ങള്‍ക്ക് അള്‍ട്രാസൗണ്ട് പരിശോധന ഉപയോഗപ്പെടുത്തുന്നു. ഹൃദയത്തിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിങിനെ എക്കോ കാര്‍ഡിയോഗ്രാം എന്നാണു വിളിക്കുന്നത്.
എക്‌സ് റേ, സി.ടി സ്‌കാന്‍
സാധാരണ അപകടങ്ങളില്‍ എക്‌സ് റേ ഉപയോഗിച്ചുള്ള രോഗ നിര്‍ണയമാണ് പ്രാഥമികമായി ഉപയോഗപ്പെടുത്തുന്നത്. സങ്കീര്‍ണമായ രോഗ നിര്‍ണയത്തിന് സി.ടി (കംപ്യൂട്ടഡ് ടോമോഗ്രാഫി) സ്‌കാന്‍ ഉപയോഗിക്കുന്നു. എക്‌സ് റേയുടെ പ്രധാനപ്പെട്ട ന്യൂനത ഒരു കോണില്‍ നിന്നുള്ള ചിത്രം മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ്. എന്നാല്‍ സി.ടി.സ്‌കാനിങില്‍ 360 ഡിഗ്രിയിലുള്ള വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ചിത്രം ലഭിക്കും.
ആന്‍ജിയോഗ്രാഫി, ആന്‍ജിയോഗ്രാം
രക്തധമനിയുടെ ചിത്രമെടുക്കുന്ന രീതിയാണ് ആന്‍ജിയോഗ്രാഫി. കത്തീറ്റര്‍ എന്ന പ്ലാസ്റ്റിക് കുഴല്‍ ഉപയോഗിച്ച് രക്തക്കുഴല്‍ വഴി രക്തക്കുഴലുകളിലേയും ഹൃദയത്തിന്റെ അറകളിലേയും രക്തത്തിലെ ഓക്‌സിജന്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എന്നിവയുടെ അളവ് നിര്‍ണയിക്കാന്‍ സാധിക്കും. ഈ പ്രക്രിയയെ കത്തീറ്ററൈസേഷന്‍ എന്നു വിളിക്കുന്നു. ഹൃദയാഘാതം, മസ്തിഷ്‌ക്കാഘാതം തുടങ്ങിയ വിപത്തുകളെക്കുറിച്ച് നേരത്തെയറിയാനും ആഘാതശേഷം ആഘാതത്തിന്റെ കൃത്യത അറിയാനും ആന്‍ജിയോഗ്രാം ഉപയോഗിക്കുന്നു. കത്തീറ്ററൈസേഷനും ആന്‍ജിയോഗ്രാമും അത്യന്തം സൂക്ഷ്മതയോടെ ചെയ്യേണ്ട പരിശോധനാവിധികളാണ്. കത്തീറ്റര്‍ കയറ്റിയ സുഷിരത്തിലൂടെയുള്ള രക്തസ്രാവവും ധമനിയിലടിഞ്ഞ കൊഴുപ്പിനോ രക്തക്കട്ടയ്‌ക്കോ ഇളക്കം തട്ടുന്നതും അപകടം ക്ഷണിച്ചു വരുത്തും
ഇ.ഇ.ജി (ഇലക്ട്രോ എന്‍സെഫലൊഗ്രാഫി)
മസ്തിഷ്‌ക്കത്തിലെ ന്യൂറോണുകള്‍ സൃഷ്ടിക്കുന്ന വിദ്യുത് തരംഗങ്ങള്‍ രേഖപ്പെടുത്തി രോഗ നിര്‍ണയം നടത്തുന്ന വൈദ്യപരിശോധനാരീതിയാണ് ഇ.ഇ.ജി. ഉറക്കപ്രശ്‌നങ്ങള്‍ തൊട്ട് മസ്തിഷ്‌ക്കക്ഷതം വരെ രേഖപ്പെടുത്താന്‍ ഇ.ഇ.ജി ഉപയോഗിക്കുന്നു. അപസ്മാര രോഗ നിര്‍ണയത്തിന് ഇ.ഇ.ജി അത്യന്താപേക്ഷിതമാണ്.
ഇ.സി.ജി (ഇലക്ട്രോ കാര്‍ഡിയോ ഗ്രാഫ്)
ഹൃദയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിദ്യുത് സിഗ്നലുകള്‍ അളന്ന് രേഖപ്പെടുത്താനുപയോഗിക്കുന്നതാണ് ഇ.സി.ജി. ഹൃദയ സംബന്ധമായ സാരവും നിസാരവുമായ വ്യതിയാനങ്ങളെക്കുറിച്ച് ഇവ മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഓപ്പറേഷനുകള്‍ക്ക് മുമ്പും അനസ്‌തേഷ്യവേളകളിലും ഇ.സി.ജി.അത്യാവശ്യമാണ്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.