2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രമേഹം; നിയന്ത്രണമാണ് ചികിത്സ, അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന രീതിയിലാണ് കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതിയുണ്ടാകുന്ന വളര്‍ച്ച. പ്രായപൂര്‍ത്തിയായവരില്‍ 23 ശതമാനത്തിലധികവും പ്രമേഹബാധിതര്‍. നഗരമേഖലയില്‍ 24.7ഉം ഗ്രാമപ്രദേശങ്ങളില്‍ 23ഉം ശതമാനംപേര്‍ പ്രമേഹരോഗികളാണ്. 18 ശതമാനംപേര്‍ രോഗസാധ്യതയുള്ളവരാണ് (പ്രീ ഡയബെറ്റിക്). ഇതില്‍ 42 ശതമാനവും പ്രമേഹബാധിതരായേക്കും. അത്ഭുതപ്പെടാനില്ലെങ്കിലും ആശങ്കപ്പെടാന്‍ കുറച്ചധികമുണ്ട് എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

നല്ലരീതിയില്‍ നിയന്ത്രിച്ച് നിര്‍ത്താനും, വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിതം മുന്‍പിലേക്ക് കൊണ്ടുപോകുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. മരുന്ന്, ജീവിതശൈലിയിലെ ക്രമീകരണം, വ്യായാമം, കൃത്യമായ ചെക്കപ്പ് എന്നിവയിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.

എന്താണ് പ്രമേഹം?

രക്തത്തില്‍ പഞ്ചസാര കൂടി നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. നോര്‍മല്‍ ആയിട്ട് ഭക്ഷണത്തിനു മുന്‍പ് 100 ാഴ/റഹ ല്‍
താഴെയും ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ 140-ല്‍ താഴെയുമായിരിക്കും രക്തത്തിലെ പരമാവധി പഞ്ചസാര. ഇത് രാവിലെ വെറുംവയറ്റില്‍ 126 ല്‍ അധികവും ഭക്ഷണ ശേഷം 200 ല്‍ അധികവും ആകുന്ന അവസ്ഥയാണ് പ്രമേഹം.

പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ട് സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യായാമമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. ടൈപ്പ് 2 പ്രമേഹം ബാധിക്കാന്‍ പാരമ്പര്യം ഒരു പ്രധാന ഘടകമാണെന്നും പഠനങ്ങള്‍ പറയുന്നു. ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍ മൂലവും പ്രമേഹം വരാം. പ്രമേഹ സാധ്യത കൂടുതല്‍ ഉള്ളവര്‍ കൃത്യമായി വ്യായാമം ചെയ്യുകയും ഭക്ഷണരീതി നിയന്ത്രിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാം.

ആവശ്യമുള്ള ഊര്‍ജം മാത്രമേ ഒരു ദിവസം കഴിക്കാന്‍ പാടുള്ളൂ അതില്‍ അന്നജത്തില്‍ നിന്ന് 50 ശതമാനത്തില്‍ അധികം ഊര്‍ജം വരാന്‍ പാടില്ല. 20 % പ്രോട്ടീനില്‍ നിന്നും 30 % കൊഴുപ്പില്‍ നിന്നുമാണ് വേണ്ടത്. ഇതിനായി ഫുഡ് പ്ലേറ്റ് മാതൃകയില്‍ ഭക്ഷണം കഴിക്കുക. പ്ലേറ്റില്‍ പകുതി പച്ചക്കറിയും മധുരം കുറഞ്ഞ പഴവര്‍ഗങ്ങള്‍ നിറയ്ക്കുക. മറുപകുതിയുടെ പകുതിയില്‍ പ്രോട്ടീന്‍ (മുട്ടയുടെ വെള്ള, ചിക്കന്‍, മീന്‍, പയര്‍, പരിപ്പ് തുടങ്ങിയവ) ശേഷിക്കുന്ന കാല്‍ ഭാഗത്തിലേക്കു മാത്രം ധാന്യം ചുരുക്കുക. ചോറ് നന്നേ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ചപ്പാത്തി ആയാലും ഒന്നോ രണ്ടോ മതി.

ഇതു കൊണ്ട് മാത്രം കുറയാതെ വരികയാണെങ്കില്‍ മരുന്നുകള്‍ വേണ്ടി വന്നേക്കും. പല തരത്തിലുള്ള ഗുളികകളും ഇന്‍സുലിനും ലഭ്യമാണ്. ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂട്ടുന്ന ഗുളികകളും അതുപോലെ ഇന്‍സുലിന്റെ അളവ് കൂട്ടുന്ന ഗുളികകളും ഉണ്ട്. ഏത് ഗുളിക വേണം എന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം തീരുമാനിക്കേണ്ടത്.

സാധിക്കുമെങ്കില്‍ വീട്ടില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഇടവേളകളില്‍ സ്വയം രക്തപരിശോധന നടത്തുകയും രക്തസമ്മര്‍ദ പരിശോധന നടത്തുകയും ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.