2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദിലീപിന്റെ ഫോണുകൾ മജിസ്ട്രേട്ടിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി:  ദിലീപ് ഹാജരാക്കിയ ഫോണുകള്‍ മജിസ്ട്രേട്ടിന് കൈമാറാന്‍ കോടതി നിര്‍ദേശം. ആലുവ മജിസ്ട്രേട്ട് കോടതിക്ക് കൈമാറാനാണ് ഹൈക്കോടതി നിര്‍ദേശം. ഫോണുകള്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘത്തിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം. ഫോണുകള്‍ അന്വേഷണസംഘത്തിന് നല്‍കണോ എന്ന് മജിസ്ട്രേട്ടിന് തീരുമാനിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

 

ഇതിനിടെ, ഹാജരാക്കിയ ആറ് ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഐഎംഇഐ നമ്പര്‍ ഒത്തുനോക്കിയായിരുന്നു പരിശോധന. ദിലീപിന്റെ അഭിഭാഷകരുടെ കൂടി സാന്നിധ്യത്തിലായിരുന്നു പരിശോധന. ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.

ജാമ്യപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് ദിലീപ് ആരോപിക്കുന്നു. എന്നാൽ ദിലീപിന് അറസ്റ്റിൽനിന്ന് സംരക്ഷണം ഉള്ളതിനാൽ ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കുകയാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപണം. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.