
വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്.എം.പി.ഐ സ്ഥാനാര്‍ഥിയെ പിന്തുയ്ക്കാന്‍ യു.ഡി.എഫ്. ഇക്കാര്യത്തില്‍ ആര്.എം.പി.ഐയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.
നിലവില്‍ ഇടതുപക്ഷത്തിന്റെ കൈയിലുള്ള മണ്ഡലത്തില്‍ അവരുടെ തോല്‍വി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫിന്റെ പിന്തുണ വാഗ്ദാനം. ഒഞ്ചിയം മേഖലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച ജനകീയമുന്നണി സംവിധാനത്തിന്റെ വിജയത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ഈ അടവുനയം പയറ്റാന്‍ തീരുമാനമായത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ വടകരയില്‍ ഇടതുമുന്നണി വിജയിച്ചത് ആര്.എം.പി.ഐ ഒറ്റയ്ക്കു മത്സരിച്ചതുകൊണ്ടു മാത്രമാണ്. കഴിഞ്ഞതവണ കെ.കെ രമയെ ആര്.എം.പി.ഐ മത്സരത്തിനിറക്കിയപ്പോള്‍ 20,504 വോട്ടുകള്‍ നേടിയിരുന്നു. അന്ന് യു.ഡി.എഫിലായിരുന്ന എല്‍.ജെ.ഡിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമുണ്ടായിരുന്നു.
മണ്ഡലത്തില്‍ 16 ശതമാനത്തോളം വോട്ടുകളുള്ള ആര്.എം.പി.ഐയെ പിന്തുണച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. എല്‍.ജെ.ഡി ഇടതുമുന്നണിയിലേക്ക് പോയതുകൊണ്ടുണ്ടായ ക്ഷീണം ഇതിലൂടെ തീര്‍ക്കാം. സിറ്റിങ് സീറ്റിന്റെ പേരിലുള്ള ജെ.ഡി.എസ്, എല്‍.ജെ.ഡി വഴക്കുകള്‍ മണ്ഡലത്തില്‍ വിജയം കൊണ്ടുവരുമെന്നുതന്നെയാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
അതേസമയം വടകരയില്‍ ആര്.എം.പി.ഐ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. യു.ഡി.എഫ് പിന്തുണച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.