ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍
ബാബരി മസ്ജിദ് തകര്‍ക്കുയെന്ന ലക്ഷ്യത്തോടെ സംഘ്പരിവാര്‍ നടത്തിവന്ന അക്രമാസക്ത പരിപാടികളുടെ പശ്ചാത്തലത്തിലാണ് പ്രമുഖ പാര്‍ലമെന്റേറിയനും മുസ്ലിംലീഗ് നേതാവുമായിരുന്ന ജി.എം ബനാത്ത് വാലയുടെ ശ്രമഫലമായി ആരാധനാലയസംരക്ഷണനിയമം കൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബാബരി ഒഴികെ മറ്റെല്ലാ ആരാധനാലയങ്ങളുടെയും ഉടമസ്ഥാവകാശത്തില്‍ മാറ്റംവരുത്തുന്നത് നിയമം തടയുന്നു. എന്നാല്‍ ഇതു നിലനില്‍ക്കെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പുതിയ അവകാശവാദങ്ങളുമായി എത്തിയിരിക്കുകയാണ് ഹിന്ദുത്വവാദ ശക്തികള്‍.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിധി വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് പിടിച്ചടക്കാനുള്ള നീക്കം സംഘ്പരിവാര്‍ തുടങ്ങി. വിധിക്ക് പിന്നാലെ അടുത്ത ലക്ഷ്യം ഗ്യാന്‍വാപിയും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദുമാണെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചിട്ടുമുണ്ട്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൗന്‍പൂരിലെ ഭൂവുടമ നിര്‍മ്മിച്ച പള്ളി മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ഭരണകാലത്താണ് നവീകരിച്ചത്. ഔറംഗസേബ് പള്ളി കൂടുതല്‍ വിപുലീകരിച്ചു. എന്നാല്‍ പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടെന്നാണ് വി.എച്ച്.പിയുടെ വാദം. പുരാവസ്ഥുവകുപ്പ് നടത്തിയ സര്‍വേയും ഇക്കാര്യം അവകാശപ്പെടുന്നു. പള്ളിയുടെ പടിഞ്ഞാറെ ചുമര് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകര്‍ത്തതിന് തെളിവാണിതെന്നുമാണ് സര്‍വേ വാദിക്കുന്നത്. പള്ളി സ്ഥിതിചെയ്യുന്ന പ്രദേശത്തെ അഞ്ചു സ്ത്രീകളാണ് ഹരജി നല്‍കിയത്. സമ്മര്‍ദ്ദംമൂലാണ് ഹരജി നല്‍കിയതെന്നും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ് ഇതിന് പിന്നിലെന്നും പറഞ്ഞ് മുഖ്യഹരജിക്കാരി കഴിഞ്ഞവര്‍ഷം പിന്‍മാറുകയുണ്ടായി.
മഥുര ഈദ്ഗാഹ് മസ്ജിദ്
ബാബരി മസ്ജിദ് കഴിഞ്ഞാല്‍ ഗ്യാന്‍വാപിക്കൊപ്പം സംഘ്പരിവാര്‍ ഏറ്റവുമധികം അവകാശപ്പെടുന്ന പള്ളിയാണ് ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന യു.പി നഗരമായ മഥുരയിലെ ഈദ്ഗാഹ് മസ്ജിദ്. 1670 ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് പള്ളി നിര്‍മിച്ചത്. പള്ളി നിലനില്‍ക്കുന്ന ഭൂമിയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമക്ക് തിരികെനല്‍കണമെന്നുമാണ് സംഘ്പരിവാര്‍ ആവശ്യപ്പെടുന്നത്. മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും സംഘ്പരിവാര്‍ വാദിക്കുന്നു. കേസ് നിലവില്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുകയും അത് സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്‌തെങ്കിലും ഇതുവരെ സര്‍വേ നടന്നിട്ടില്ല.
സംഭല്‍ ഷാഹി മസ്ജിദ്
ഇന്ത്യയില്‍ പള്ളിയുടെ പേരില്‍ ഒടുവിലായി വെടിവയ്പ്പുണ്ടാവുകയും ചോരവീഴുകയുംചെയ്തതിനെത്തുടര്‍ന്ന് വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണ് സംഭല്‍. യു.പി തലസ്ഥാനമായ ലഖ്‌നൗവില്‍നിന്ന് നാനൂറോളം കിലോമീറ്റര്‍ അകലെ സംഭലില്‍ സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദിന് അഞ്ചുനൂറ്റാണ്ടോളം പഴക്കമുണ്ട്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി സംഭല്‍ കോടതി പരിഗണിക്കുകയും സര്‍വേ നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഉച്ചയ്ക്ക് ഉത്തരവ് വന്നു, വൈകീട്ടോടെ സര്‍വേ തുടങ്ങി. വെളിച്ചക്കുറവ് മൂലം അടുത്തദിവസത്തേക്ക് നീട്ടിവച്ച സര്‍വേ നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ പുനരാരംഭിച്ചു. ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു.
അജ്മീര്‍ ദര്‍ഗാ ഷരീഫ്
ലോക മുസ്ലിംകള്‍ ആദരവോടെ കാണുന്ന സൂഫി നേതാവ് ഹസ്‌റത്ത് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന അജ്മീരിലെ ദര്‍ഗാ ഷരീഫിന് മേലും അവകാശവാദം ഉന്നയിക്കാന്‍ സംഘ്പരിവാര്‍ ധൈര്യപ്പെട്ടു. ശിവക്ഷേത്രം പൊളിച്ചാണ് ദര്‍ഗനിര്‍മിച്ചതെന്നാണ് വാദം. ഇന്ത്യയുടെയും ലോകരാജ്യങ്ങളുടെയും നേതാക്കള്‍ സന്ദര്‍ശിക്കുകയും ഉത്തരേന്ത്യയിലെ അത്യപൂര്‍വമൈതമൈത്രിയുടെ ശേഷിപ്പ് കൂടിയായ അജ്മീര്‍ദര്‍ഗയ്‌ക്കെതിരേ ഹരജി കൊടുത്തതാകട്ടെ വിദ്വേഷപ്രസംഗത്തിനും അക്രമത്തിനും പേര് കേട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള ഹിന്ദുസേനനേതാവ് വിഷ്ണുഗുപ്ത. അദ്ദേഹത്തെപ്പോലൊരാള്‍ നല്‍കിയ ഹരജി പരിഗണിച്ച് കോടതി ദര്‍ഗാകമ്മിറ്റിക്കും പുരാവസ്ഥുവകുപ്പിനും നോട്ടീസയക്കുകയുംചെയ്തു.
ശംസി ഷാഹി മസ്ജിദ്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ മസ്ജിദാണ് യു.പിയിലെ ബദായുനില്‍ സ്ഥിതിചെയ്യുന്ന ശംസി ഷാഹി മസ്ജിദ്. നീലകണ്ഠ മഹാദേവ ക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പള്ളി നിര്‍മിച്ചതെന്നാണ് ഹരജിക്കാരായ അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ആരോപണം. കേസ് നിലവില്‍ ബദായൂനിലെ സിവില്‍ കോടതി പരിഗണിച്ചുവരികയാണ്. 2022 ലാണ് ഹരജി കോടതിയില്‍ എത്തയതെങ്കിലും, ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിലാണ് കേസിന് ജീവന്‍വച്ചത്. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏഴാംസ്ഥാനത്തുള്ള ഈ പള്ളിയില്‍ കാല്‍ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഒരേസമയം നിസ്‌കരിക്കാന്‍ കഴിയും.
അടാല മസ്ജിദ്
ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള ജൗന്‍പൂരിലെ ചരിത്രപ്രസിദ്ധമായ പള്ളിയാണ് അടാല മസ്ജിദ്. 1408ല്‍ സുല്‍ത്താന്‍ ഇബ്രാഹീം ആണ് നിര്‍മിച്ചത്. സുല്‍ത്താന്‍ ഇബ്രാഹീം അല്ല നിര്‍മിച്ചതെന്നും രാജാ ഹരിശ്ചന്ദ്ര റാത്തോഡ് ക്ഷേത്രമായിട്ടാണ് നിര്‍മിച്ചതെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. തുഗ്ലക്ക് രാജവംശത്തിലെ ഫിറോസ് ഷായുടെ ഉത്തരവിനെത്തുടര്‍ന്ന് ക്ഷേത്രം പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നും ഇവര്‍ വാദിക്കുന്നു. അടാല ദേവിക്ക് സമര്‍പ്പിച്ചിരുന്ന ക്ഷേത്രമായിരുന്നു ഇതെന്ന് ചൂണ്ടിക്കാട്ടി ജൗന്‍പൂരിലെ സ്വരാജ് വാഹിനി അസോസിയേഷന്‍ നല്‍കിയ ഹരജിയാണ് കോടതിയിലുള്ളത്. നിലവില്‍ ഇത് ചോദ്യംചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മുസഫര്‍നഗര്‍ മസ്ജിദ്
മുസഫര്‍നഗര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടുമുന്നില്‍ സ്ഥിതി ചെയ്യുന്ന നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള മസ്ജിദിന് മേല്‍ ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിലും, പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ശത്രുസ്വത്തായി പ്രഖ്യാപിച്ചതോടെയാണ് ഇതും തര്‍ക്കത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. തീവ്രഹിന്ദുത്വസംഘടനയായ ഹിന്ദു ശക്തി സംഘാടന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് പള്ളിയെ ശത്രുസ്വത്തായി പ്രഖ്യാപിച്ചത്. 1918ല്‍ നിര്‍മിച്ച പള്ളി പാകിസ്താന്റെ പ്രഥമ പ്രധാനമന്ത്രി ലിയാഖത് അലിയുടെ പിതാവ് റുസ്താന്‍ അലിയുടെ പേരിലാണ് രജിസ്റ്റര്‍ചെയ്തത്. റുസ്തം അലി ഖാന്‍ മരിക്കുന്നതിന് മുമ്പ് തന്നെ ഭൂമി പള്ളിക്കായി വഖ്ഫ് ചെയ്തു. 1936 ല്‍ ഭൂമി വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തു. വിഭജനത്തിന് മുമ്പ് തന്നെ വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍ ഇത് ശത്രുസ്വത്ത് നിയമത്തിന് കീഴില്‍ വരില്ലെന്നാണ് കമ്മിറ്റിയുടെ വിശദീകരണം.
ഡല്‍ഹി ജുമാസമജ്ദ്
രാജ്യതലസ്ഥാന നഗരിയുടെ മുഖങ്ങളിലൊന്നാണ് ഡല്‍ഹി ജുമാമസ്ജ്ദ്. പുരാവസ്ഥുവകുപ്പിന് കീഴിലുള്ളതും ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമായ പള്ളിക്ക് മേല്‍ അവകാശവാദമുന്നയിച്ചതും തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയുടെ നേതാവ് വിഷ്ണുഗുപ്തയാണ്. ജോഥ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മിച്ചതെന്നും അതിനാല്‍ പള്ളിയില്‍ ഖനനം നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസേന പുരാവസ്ഥുവകുപ്പിന് കത്തയ്കകുകയായിരുന്നു. കേസ് നിലവില്‍പുരാവസ്ഥുവകുപ്പിന്റെ പരിഗണനയിലാണ്.
List Of Mosques in India claimed by Hindutva
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."