ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍
ടെല്‍ അവീവ്: ഇസ്‌റാഈലില്‍ താമസിക്കുന്നതിനേക്കാള്‍ സുരക്ഷിതം മറ്റുരാജ്യങ്ങളിലാണെന്ന് ഇസ്‌റാഈലി പ്രവാസികള്‍. പ്രവാസികളായ 50 ശതമാനം ഇസ്‌റാഈലികളും ഇങ്ങനെ അഭിപ്രായപ്പെട്ടതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഒക്ടോബറില്‍ വിദേശത്തുള്ള ഇസ്‌റാഈലികളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 20 ശതമാനം പ്രവാസികളും ഇസ്‌റാഈലിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്‌റാഈലിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 40% പേര്‍ മാത്രമാണ് രാജ്യം ജീവിക്കാന്‍ സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടതെന്നാണ് സര്‍വേയില്‍ പറയുന്നത്.
കൂടാതെ, പ്രവാസികളില്‍ 20% പേര്‍ മാത്രമാണ് തങ്ങളുമായി ഇടപഴകുന്നവരില്‍നിന്ന് പോസിറ്റീവ് മനോഭാവം ലഭിക്കുന്നതായി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50% കുറവാണിത്. ഇസ്‌റാഈലികളാണെന്ന് തങ്ങളുടെ അടുത്ത പരിചയക്കാരല്ലാത്തവരോട് വെളിപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്നും പ്രതികരിച്ചവരില്‍ പകുതി പേരും അഭിപ്രായപ്പെട്ടു.
സര്‍വേയോട് പ്രതികരിച്ച ഇസ്‌റാഈലികള്‍ ഒക്ടോബര്‍ ഏഴിന് ശേഷമുള്ള പുതിയ സാഹചര്യങ്ങളോട് ഭയവും ഉത്കണ്ഠയും പ്രകടിപ്പിച്ചതായി വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ പ്രവാസി കാര്യ വിഭാഗം മേധാവി ഗുസ്തി യെഹോഷ്വാ ബ്രാവര്‍മാന്‍ പറഞ്ഞു. രാജ്യത്ത് കഴിയുന്നവരെ പോലെ തന്നെ വിദേശത്ത് താമസിക്കുന്ന ഇസ്‌റാഈലികള്‍ക്കിടയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പൊതുവികാരമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ ഡയസ്‌പോറ അഫയേഴ്‌സ് ആന്‍ഡ് കോംബാറ്റിങ് ആന്റിസെമിറ്റിസം മന്ത്രാലയം പ്രവാസി ജൂത കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അവര്‍ക്ക് ഇസ്‌റാഈലിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. പുതുതലമുറ ജൂതമത വിശ്വാസികളില്‍ നിരവധി പേര്‍ ഗസ്സയിലെ കൂട്ടക്കൊലയെ വിമര്‍ശിച്ചും ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ചും സര്‍വേയില്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."