ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ ജങ്ഷനില്‍ റോഡിന്റെ ഒരു വശം അടച്ച് സി.പി.എം പാളയം ഏരിയ സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയ സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പൊതുവഴികള്‍ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുന്‍ ഉത്തരവുകള്‍ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടി നടത്തിയത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണിതെന്നും നിരീക്ഷിച്ച കോടതി ആരാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ആരാഞ്ഞു.
സംഭവത്തില്‍ വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്.എച്ച്.ഒ) നേരിട്ട് ഹാജരായി വസ്തുതകള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന് പൊലിസിനോട് കോടതി ചോദിച്ചു. മരട് സ്വദേശിയായ പ്രകാശന്‍ എന്നയാളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ എതിര്‍ കക്ഷികളാക്കി ഇതിനെതിരെ ഹരജിയുമായി കോടതിയെ സമീപിച്ചത്.
വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനു സമീപത്താണ് പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡ് മുടക്കി വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും സ്‌കൂളും ഇതിനു സമീപത്തായുണ്ട്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി രാവിലെ മുതല്‍ അന്‍പതോളം പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."