ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ നല്‍കിയില്ല എന്ന കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണ്ടി ഉമ്മനുമായി യാതൊരു ഭിന്നതയുമില്ലെന്നും ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പരാതി പറയേണ്ടതും കേള്‍ക്കേണ്ടതുമായ പദവിയിലല്ല താനിരിക്കുന്നത്. ഞാനൊരു സ്ഥാനാര്‍ത്ഥി മാത്രമാണെന്നും അതൊക്കെ നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
അതേസമയം, ചാണ്ടി ഉമ്മന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതുകൂടി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. വിവാദങ്ങള്‍ പരസ്യമായി ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും എല്ലാവരും യോജിച്ചു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി അറിഞ്ഞില്ലെന്നും ചാണ്ടി ഉമ്മനോട് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."