സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി
മഞ്ചേരി: വിമാനം പറത്തണമെന്ന മകളുടെ സ്വപ്നത്തിന് കൂട്ടിരുന്ന മാതാപിതാക്കൾ ആ സ്വപ്നസാഫല്യം പുലർന്നതിന്റെ ആഹ്ലാദത്തിലാണ്. പുൽപ്പറ്റ തൃപ്പനച്ചി പുത്തൻപുര വീട്ടിൽ ഉമർ ഫൈസി -ഉമൈബാനു ദമ്പതികളുടെ മകളായ മറിയം ജുമാനയാണ് 19-ാം വയസിൽ ഏഴ് മണിക്കൂർ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തീകരിച്ചത്.
വലിയ സ്വപ്നം ആദ്യം ഉപ്പയോട് പറഞ്ഞപ്പോൾ പണം കണ്ടെത്താനുള്ള നെടുവീർപ്പാണുയർന്നത്. പടച്ചോനോടുള്ള തേട്ടവും. പൊന്നുമോളെ ചേർത്തണച്ച് ഉമ്മച്ചി പറഞ്ഞു ൻ്റെ കിഡ്നി വിറ്റിട്ടാണേലും അന്നെ വിമാനം പറത്തുന്ന പൈലറ്റാക്കുമെന്ന്. ഒടുവിൽ പ്രാഥമിക കടമ്പയായ സ്റ്റുഡൻ്റ്സ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് ജുമാന.
ഒഴുകൂർ ക്രസൻ്റ് സ്കൂളിലെ പത്താംതരത്തിൽ പഠിക്കുമ്പോഴാണ് പൈലറ്റ് മോഹം ഉപ്പയോട് മകൾ പറഞ്ഞത്. ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ആധിയായിരുന്നു പിതാവിന്. കൈയിലുള്ള ആഭരണങ്ങളെല്ലാം അഴിച്ച് നൽകി മാതാവ് അവളുടെ കിനാവിന് നിറംപകർന്നു. കടംവാങ്ങിയും കുറിയിൽ കൂടിയും പണം സ്വരൂപിച്ചു.
കോഴിക്കോട്ടെ പരിശീലന കേന്ദ്രത്തിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി ഡൽഹിയിലെ എവിയേഷൻ അക്കാദമിയിലേക്ക്. ആദ്യഘട്ടത്തിൽ മഹാരാഷ്ട്രയിലെ ജൽഗോണിൽ ഒരു എൻജിനുള്ള വിമാനത്തിൽ ഏഴ് മണിക്കൂർ പരീക്ഷണ പറക്കലും പൂർത്തിയായി. 200 മണിക്കുർ വിമാനം പറത്തി കൊമേഷ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് മറിയം ജുമാന.
പത്തിലും പ്ലസ്ടുവിലും എല്ലാ വിഷയത്തിലും ജുമാന എപ്ലസ് നേടിയിരുന്നു. കാവുങ്ങപ്പാറ ഉമറുൽ ഫാറൂഖ് മദ്റസയിൽ നിന്ന് പത്താംതരം പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ പാസായി. കോഴിക്കോട് പള്ളിയിൽ സേവനം ചെയ്യുന്ന പിതാവ് ഉമർ ഫൈസി മഞ്ചേരി മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്. ജുമാനക്ക് 15ന് തുടർപഠനത്തിന് മഹാരാഷ്ട്രയിലേക്ക് തിരിക്കണം. ഇപ്പോഴും ചോദ്യചിഹ്നമായി സാമ്പത്തിക തടസമുണ്ട്. പടച്ചോൻ കൂടെയുണ്ടെന്ന ഉമ്മയുടെ പ്രാർഥന കരുത്താക്കിയുള്ള യാത്രയിലാണവൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."