സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യുക. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും, മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും, അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുമെന്നും ആയൽക്കൂട്ടങ്ങൾ , ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ലക്ഷ്യം. രോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2025 നവംബർ ഒന്നിനുള്ളിൽ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടിയാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."