' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശിച്ച് സിപിഎം നേതാവ് എ കെ ബാലൻ. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം വിമർശിച്ചു. വൈദ്യുതി കമ്പനികളുമായുള്ള ദീർഘകാലകരാർ റദ്ദാക്കിയത് വീണ്ടുവിചാരം ഇല്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിൻറെ കാലത്തെ ദീർഘകാല കരാർ ക്രമവിരുദ്ധമായിരുന്നു. എന്നാൽ കരാർ റദ്ദാക്കുമ്പോൾ പ്രത്യാഘാതങ്ങൾ കൃത്യമായി മനസ്സിലാക്കിയില്ല. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായപോലെയായി കാര്യങ്ങൾ. ചക്കിക്കൊത്ത ചങ്കരനെ പോലെ കെഎസ്ഇബി പെരുമാറുന്നത്. വൈദ്യുതി വകുപ്പും മന്ത്രിയും അറിയാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ വൈദ്യുതി മന്ത്രിയാണ് എ കെ ബാലൻ.
യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ധനവുണ്ടാകും. ബിപിഎലുകാര്‍ക്കും നിരക്കു വര്‍ധന ബാധകമാവും. വൈദ്യുതി നിരക്ക് കൂട്ടാതെ നിർവാഹമില്ല എന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്കിൽ വര്‍ധനവുണ്ടാക്കുന്നത്. വൈദ്യുതി നിരക്ക് സംഘടനയായ എഐടിയുസിയും നിരക്കു വർധനക്കെതിരെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."