കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം
ബംഗളൂരു:കളത്തിൽ കളി മറന്ന് വീണ്ടും ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ബംഗളൂരുവിനോട് കണക്ക് തീർക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് സീസണിലെ ബംഗളൂരുവിനോടുള്ള രണ്ടാം മത്സരവും പിഴച്ചു. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ഠീരവയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് പിന്നിലായ കോമ്പന്മാർ രണ്ടാം പകുതിയില്‍ ആ കടം തീര്‍ത്തെങ്കിലും തിരിച്ചു വന്നെങ്കിലും പ്രതിരോധത്തിലെ പിഴവ് മുതലാക്കി ബംഗളൂരു നിര്‍ണായമായ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു. അവസാന നിമിഷം ഹാട്രിക് തികച്ച് സുനില്‍ ഛേത്രി ബംഗളൂരുവിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. ബംഗളൂരുവിനായി സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോൾ റയാൻ വില്യംസും വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്സിനായി ജീസസ് ഗിമിനസും ഫ്രെഡി ലല്ലാവ്മയുമാണ് ഗോൾ നേടിയത്.
വെള്ളയും ഓറഞ്ചും കലര്‍ന്ന ജേഴ്സിയില്‍ കളത്തിലിറങ്ങിയ കോമ്പന്മാരെ ഞെട്ടിച്ച് കൊണ്ട് കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബംഗളൂരു വല കുലുക്കി. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രിയാണ് ആതിഥേയര്‍ക്കായി ഗോൾ നേട്ടത്തിന് തുടക്കമിട്ടത്. 38-ാം മിനിറ്റില്‍ റയാൻ വില്യംസിലൂടെ ബംഗളൂരു ലീഡ് രണ്ടായി ഉയർത്തി. പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിട്ട് നിന്നിട്ടും ബ്ലാസ്റ്റേഴ്സിനെ നിരാശയിലാക്കിയാണ് ആദ്യ പകുതി അവസാനിച്ചത്.
എന്നാല്‍, അടിക്ക് തിരിച്ചടി കൊടുക്കുന്ന കോമ്പന്മാരെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 56-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കണ്ടെത്തി. ഇതോടെ ഊര്‍ജം കൂടിയ അഡ്രിയാൻ ലൂണയും സംഘവും സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചു. 67-ാം മിനിറ്റില്‍ ഫ്രഡ്ഡി ഫ്രെഡി ലല്ലാവ്മയാണ് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഗോൾ കണ്ടെത്തിയത്. പക്ഷേ, മഞ്ഞപ്പടയുടെ സന്തോഷം അധികം ആയുസുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലുണ്ടായ പിഴവിൽ നിന്ന് സുനിൽ ഛേത്രിയുടെ രണ്ടാം ഗോളിന് വഴിവെച്ചത്. സമനില ഗോളിനായി എക്സ്ട്രാ ടൈമില്‍ പൊരുതിയ ബ്ലാസ്റ്റേഴ്സിനെ നിരാശയിലാക്കി 98-ാം മിനിറ്റില്‍ ഛേത്രി ഹാട്രിക്കും തികച്ചു. 11 കളിയില്‍ ഏഴ് വിജയവുമായി ബംഗളൂരു ഇപ്പോൾ പോയിന്റ് ടേബളില്‍ ഒന്നാം സ്ഥാനത്താണ്. അത്രയും കളിയില്‍ നിന്ന് മൂന്ന് വിജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."