സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ധനവുണ്ടാകും. നിരക്ക് വര്‍ധന ഈ മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഉണ്ടാവുകയില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെ താരിഫും വര്‍ധിപ്പിച്ചിട്ടില്ല. യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം വര്‍ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബി അധികൃതരുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.
ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കിപ്പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.
151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനവും വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."