വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍
നാളുകളേറെയായി ബോംബുകള്‍ മാത്രമല്ല വിശപ്പും കൂടി മരണമായി പെയ്യുകയാണ് ഗസ്സയില്‍. എവിടെയെങ്കിലും ഭക്ഷണ വിതരണത്തിനുള്ള സാധ്യത കേള്‍ക്കുമ്പോഴേക്ക് പാത്രമെടുത്തോടുന്ന കുഞ്ഞു മക്കളേയും തിക്കുകൂട്ടുന്ന കുരുന്നുകളേയും നാമേറെ കണ്ടതാണ്. കുഞ്ഞുങ്ങള്‍ കാലികള്‍ക്കുള്ള ഭക്ഷണത്തില്‍ വരെ കയ്യിട്ടു വാരുന്നതും കണ്ടതാണ്. ഇപ്പോഴിതാ പട്ടിണിയുടെ രൂക്ഷത അതിന്റെ പാരമ്യത്തില്‍ എത്തിയതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഇസ്‌റാഈല്‍ സേന ആക്രമണം രൂക്ഷമാക്കുകയും സഹായ വിതരണം തടയുകയും ചെയ്തതോടെ ആയിരങ്ങള്‍ കൊടും പട്ടിണിയിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പട്ടിണി മാറ്റാന്‍ ഭക്ഷ്യവസ്തുക്കളൊന്നും കിട്ടാത്തതിനാല്‍ രണ്ട് മാസമായി കാലിത്തീറ്റയും പുല്ലുമാണ് കഴിക്കുന്നതെന്ന് 57 കാരിയായ അഭയാര്‍ഥി സദേയിയ അല്‍ റഹേല്‍ പറയുന്നു.
ബൈത് ലാഹിയയില്‍ സ്‌കൂള്‍ ഉള്‍പെടെ കേന്ദ്രങ്ങളില്‍ അഭയം തേടിയ പലരും ഒഴിഞ്ഞുപോകുകയാണ് ഇപ്പോള്‍. ബുധനാഴ്ച ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌കൂളുകള്‍ക്കുമേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും സകലതും നഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഇവിടെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."